ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.

ദില്ലി: ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടിയേറ്റത്തോടെ ദില്ലി ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിൽ ഇഡി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജൻസി അന്വേഷണം നടത്തിയതെന്നതടക്കം കോടതി വിമർശനം ഇഡിക്കും ദില്ലി പൊലീസിനും കനത്ത പ്രഹരമാണ്. മാധ്യമസ്ഥാപനത്തിന് നേരെ നടന്ന കേന്ദ്രസർക്കാർ പകപ്പോക്കലായിരുന്ന കേസ് എന്ന് തെളിഞ്ഞെന്ന് സിപിഎം പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

75 കോടിയുടെ നിയമവിരുദ്ധ വിദേശഫണ്ട് സമാഹരണം, രാജ്യത്തിനെതിരെ വാർത്തകളുടെ പ്രചാരണം സർക്കാരിനെ കടന്നാക്രമിക്കാൻ ചൈനീസ് ഫണ്ട് ഇങ്ങനെ തുടങ്ങി ന്യൂസ് ക്ലിക്ക് കേസിൽ വൻ കണ്ടെത്തലുകൾ എന്നായിരുന്നു ഏജൻസികൾ ആദ്യം അവകാശപ്പെട്ടത്. എന്നാൽ ദില്ലി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി നീനു ബെൻസാൽ കൃഷ്ണ പുറത്തിറക്കിയ 41 പേജ് വിധിയിൽ അധികാര ദുർവിനിയോഗമാണ് നടന്നത് എന്ന് അടിവരയിടുകയാണ്.

വാർത്താവിതരണം മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു 2020ൽ ദില്ലി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തത്. പിന്നീട് അന്വേഷണത്തിലേക്ക് ഇഡിയും എത്തി. മാധ്യമസ്ഥാപനത്തിന്റെ ഓഫീസിൽ റെയിഡുകൾ നടന്ന ശേഷം എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കയും എച്ച് ആർ മാനേജറും അറസ്റ്റിലായി. എന്നാൽ, ഒന്നരവർഷം നീണ്ടു നിന്ന അന്വേഷണത്തിൽ എന്തെങ്കിലും കിട്ടിയോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഏജൻസികൾ നടത്തിയത് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണെന്നും കോടതി വിധിയിൽ ആഞ്ഞടിക്കുന്നു. കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ നഗ്നമായ ദുർവിനിയോഗമാണെന്നും കോടതി നീരീക്ഷിച്ചു.

ഓൺലൈൻ മാധ്യമങ്ങളിൽ വിദേശ നിക്ഷേപത്തിന് പരിധി നിശ്ചയിക്കുന്നതിന് മുൻപാണ് ന്യൂസ് ക്ലിക്ക് പണം വാങ്ങിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. നീതി നടപ്പായെന്നും ഭരണകൂട ഭീകരതയാണ് ഏജൻസികൾ നടപ്പാക്കിയത് എന്നും സിപിഎം പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്ത് മാധ്യമപ്രവർത്തകരും രംഗത്ത് എത്തി. കെജരിവാൾ പ്രതിയായ ദില്ലി മദ്യനയക്കേസ് കുറ്റം ചുമത്തുന്നതിന് മുൻപേ കോടതി തള്ളിയിരുന്നു. നാഷണൽ ഹെറാൾഡ് കേസിലും കുറ്റപപത്രം കോടി തള്ളിയിരുന്നു. സമാനമായ രീതിയിൽ ന്യൂസ് ക്ലിക്ക് കേസിലും സംഭവിച്ചത് ഏജൻസികളുടെ വിശ്വാസ്തതയെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉടനടി അപ്പീൽ സാധ്യത ഇഡിയും ദില്ലി പൊലീസും പരിശോധിക്കുന്നത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News