തൃണമൂൽ കോൺഗ്രസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര് സുപ്രീംകോടതിയിലേക്ക്. ഐ പാക് തലവന്റെ വീട്ടിലെ റെയ്ഡ് മമത ബാനർജി തടസ്സപ്പെടുത്തിയെന്ന് കാട്ടി ഇ ഡി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ബംഗാൾ സർക്കാർ തടസഹർജി നൽകി
ദില്ലി: തൃണമൂൽ കോൺഗ്രസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) ഇടയിലെ പോര് സുപ്രീംകോടതിയിലേക്ക്. തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്‍റെ തലവനുമായ പ്രദീക് ജയിന്‍റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്‌ഡ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസപ്പെടുത്തിയെന്ന് കാട്ടി ഇ ഡിയാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കെതിരെ ബംഗാൾ സർക്കാരും തൃണമൂലും തടസഹർജിയും നൽകി. ഇതോടെ പരമോന്നത കോടതിയിൽ തൃണമൂൽ കോൺഗ്രസും ഇ ഡിയും തമ്മിൽ പോര് കനക്കുമെന്ന് ഉറപ്പായി. ഹർജി നാളെ പരിഗണിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ 20 കോടി രൂപയുടെ കള്ളപ്പണം ഐ പാക് വഴി തൃണമൂൽ, ഗോവയിൽ എത്തിച്ചെന്ന് ഇ ഡി ആരോപിച്ചു.
സി ബി ഐ അന്വേഷണം വേണമെന്ന് ഇ ഡി
കേന്ദ്ര അന്വേഷണ ഏജൻസിക്കും പശ്ചിമ ബംഗാൾ സർക്കാരിനും ഇടയിൽ തുടരുന്ന പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഐ പാക് സഹസ്ഥാപകൻ പ്രതീക ജയിന്‍റെ വീട്ടിലെ പരിശോധന മുഖ്യമന്ത്രി തടഞ്ഞതിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇ ഡി ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച സാഹചര്യത്തിലാണ് ഇ ഡി സുപ്രീംകോടതിയിൽ എത്തിയത്. സി ബി ഐ കേസിന് അനുബന്ധമായി എടുത്ത കേസ് നിക്ഷ്‌പക്ഷമായി അന്വേഷിക്കാനുള്ള ഏജൻസിയുടെ അധികാരം സംസ്ഥാനം തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രധാന വാദം. തൃണമൂൽ കോൺഗ്രസും സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.
തൃണമൂലിനെതിരെ ആരോപണം കടുപ്പിച്ച് ഇ ഡി
തൃണമൂൽ കോൺഗ്രിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ഇ ഡി. ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹവാല പണം തൃണമൂൽ കോൺഗ്രസ് ഗോവയിലെത്തിച്ചെന്ന് ഇ ഡി പറയുന്നു. 20 കോടിയുടെ ഹവാല പണം ആറ് പേർ കൈമറിഞ്ഞാണ് എത്തിച്ചത്. ഇതിൽ ഐ പാക് സഹസ്ഥാപകൻ പ്രതീക് ജയിന്‍രെ പങ്കാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം മമത ബാനർജി തടസ്സപ്പെടുത്തുന്നത് വ്യക്തമായ തെളിവ് കിട്ടിയെന്ന് മനസ്സിലാക്കിയാണെന്നും ഇ ഡി ആരോപിക്കുന്നുണ്ട്. ഐ പാക്കിലെ റെയ്ഡിനെതിരെ മമത ബാനര്‍ജി നല്‍കിയ പരാതിയില്‍ ഇ ഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് ഇതിനിടെ കേസെടുത്തിരുന്നു. ടി എം സി തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ രേഖകൾ ഇ ഡി മോഷ്ടിക്കാൻ നോക്കിയെന്നാണ് കേസ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത പൊലീസ് നടപടി തുടങ്ങിയെന്നാണ് വിവരം. ഇതിനിടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹന വ്യൂഹം ഇന്നലെ രാത്രി ടി എം സി പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിൽ കലാശിച്ചു. തന്നെ ആക്രമിക്കാനാണ് തൃണമൂൽ പ്രവർത്തകർ ശ്രമിച്ചത് എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് സുവേന്ദു അധികാരി പ്രതിഷേധിച്ചു.


