Asianet News MalayalamAsianet News Malayalam

'ഭാര്യയെ പൂട്ടിയിട്ട് തല്ലി, കേൾവിശക്തി നഷ്ടമായി': വിവാഹം കഴിഞ്ഞ് 8ാം ദിവസം മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസ്

ചെവിക്കേറ്റ അടി കാരണം യാനികയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് സഹോദരന്‍

Eight days after Marriage Case against Motivational Speaker Vivek Bindra for allegedly assaulting wife SSM
Author
First Published Dec 23, 2023, 12:53 PM IST

നോയിഡ: വിവാഹം കഴിഞ്ഞ് എട്ടാം ദിവസം മോട്ടിവേഷണല്‍ സ്പീക്കറും ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡന കേസ്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു എന്നാണ് പരാതി. ഭാര്യയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് നോയിഡ പൊലീസ് കേസെടുത്തത്. 

വിവേക് ​​ബിന്ദ്രയും യാനികയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 6നാണ് നടന്നത്. വിവേക് യാനികയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതി ഡിസംബര്‍ 14നാണ് നോയിഡ സെക്ടർ 126 പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. യാനികയുടെ സഹോദരന്‍ വൈഭവ് ആണ് പരാതി നല്‍കിയത്. വിവേക് തന്റെ സഹോദരിയെ മുറിയിൽ പൂട്ടിയിട്ടു, ദേഹമാസകലം മുറിവേൽപ്പിച്ചു, അസഭ്യം പറഞ്ഞു എന്നാണ് വൈഭവിന്‍റെ പരാതിയില്‍ പറയുന്നത്. 

വിവേകും അമ്മയും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാന്‍ ഇടപെട്ട യാനികയെ വിവേക് മര്‍ദിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചെവിക്കേറ്റ അടി കാരണം യാനികയുടെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന് വൈഭവ് പറഞ്ഞു.  ദില്ലിയിലെ കൈലാഷ് ദീപക് ആശുപത്രിയിൽ ചികിത്സയിലാണ് യാനിക. പരിക്കേറ്റ യാനിക ചികിത്സ തേടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 427, 325 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.  പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. 

ഇതിനു മുന്‍പ് വിവേക് ബിന്ദ്രക്കതിരെ മറ്റൊരു ആരോപണവുമുണ്ടായിട്ടുണ്ട്. വിവേകിന്‍റെ കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് പറഞ്ഞ് ചില വിദ്യാര്‍ത്ഥികള്‍ രംഗത്തു വരികയുണ്ടായി. മറ്റൊരു മോട്ടിവേഷല്‍ സ്പീക്കറായ മഹേശ്വരിയാണ് വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ അന്ന് വിവേക് ആരോപണം നിഷേധിച്ചു. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിനാളുകള്‍ പിന്തുടരുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് വിവേക്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios