ദില്ലി: ദില്ലി സിആര്‍പിഎഫ് ക്യാമ്പില്‍ എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്യാമ്പില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32 ആയി. സൈനികര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലി ക്യാമ്പ് അടച്ചിരിക്കുകയാണ്. ദില്ലി മയൂര്‍ വിഹാറിലെ ക്യാമ്പാണ് അടച്ചത്. ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ 24 ജവാന്മാര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് ക്യാമ്പ് അടച്ച് 350 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ മൂന്ന് മലയാളികളുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റി. 25 ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായാണ് ക്യാമ്പ് അടച്ചതെന്ന് സിആര്‍പിഎഫ് ഐജി രാജു ഭാര്‍ഗവ പറഞ്ഞു.