മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവായിരുന്ന ഏകനാഥ് ഖഡ്സെ പാർട്ടിയിൽ നിന്നു രാജിവച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ്‌ തന്റെ ജീവിതം നശിപ്പിച്ചതായും പാർട്ടിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്‌നാവിസാണെന്നും ഖഡ്സെ ആരോപിച്ചു. 

ഖഡ്സെ വെള്ളിയാഴ്ച്ച എൻ‌സി‌പിയിൽ ചേരുമെന്നു എൻസിപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ ജയന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫഡ്‌നാവിസ് മന്ത്രസഭയിലെ റവന്യു മന്ത്രി ആയിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടർന്ന് 2016 ൽ രാജി വെച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ തയ്യാറെടുത്തെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല. ഇതോടെ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഖഡ്സെ.