ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനു​ഗ്രഹവും ആശംസകളും നൽകുന്ന വൃദ്ധയുടെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ദില്ലി മുഖ്യമന്ത്രിയായ താങ്കൾ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് വൃദ്ധയായ അമ്മയുടെ അനു​ഗ്രഹം. വളരെ ആയാസപ്പെട്ട് വേദിയിലേക്ക് വരുന്ന വൃദ്ധയെ കെജ്രിവാൾ കൈപിടിച്ച് കൂട്ടിക്കൊണ്ട് വരുന്നതായി കാണാം. ‌തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കെജ്രിവാൾ തന്നെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വളരെ നാളായി കെജ്രിവാളിനെ നേരിട്ട് കാണാൻ ഇവർ ആ​ഗ്രഹിച്ചിരുന്നു.  ദില്ലിയിൽ സംഘടിപ്പിച്ച യോ​ഗത്തിലായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ. 

കെജ്രിവാൾ പുഞ്ചിരിയോടെയാണ് ഇവരുടെ ആശീർവാദം ഏറ്റുവാങ്ങുന്നത്. അവരുടെ പാദം തൊട്ടുവന്ദിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. ഫോട്ടോ എടുത്തതിന് ശേഷം വൃദ്ധയെ തിരികെ വേദിയിൽ നിന്നും കൈപിടിച്ച് ഇറക്കി വിടുകയും ചെയ്യുന്നുണ്ട് ദില്ലി മുഖ്യമന്ത്രി. 'ഇന്ന് വൃദ്ധയായ ഒരു അമ്മയിൽ‌ നിന്നും ആശീർവാദം ലഭിച്ചു' എന്ന തലക്കെട്ടോടെയാണ് കെജ്രിവാൾ ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി അവസാനത്തിലോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ദില്ലിയിലെ തെരഞ്ഞെടുപ്പ്. അടുത്ത അഞ്ച് വർഷം കൂടി അധികാരം ലഭിച്ചാൽ ദില്ലിയെ ഏറ്റവും വൃത്തിയുള്ള ന​ഗരമാക്കി മാറ്റുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് കെജ്രിവാൾ ഉറപ്പ് നൽകി.