Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണം ലഘൂകരിക്കുന്നത് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍.

Election Commission extends ban on physical rallies, roadshows till January 31
Author
Delhi, First Published Jan 22, 2022, 8:53 PM IST

ദില്ലി: തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കൊവിഡ് (Covid) സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം. അതേസമയം, ജനുവരി 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം.

എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണം ലഘൂകരിക്കുന്നത് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. അതിനാല്‍ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും അനുമതി നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചു. എന്നാല്‍ ജനുവരി 28 മുതല്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താൻ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതല്‍ പൊതുയോഗങ്ങള്‍ നടത്താം. പരാമവധി അഞ്ഞൂറ് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് തെരഞ്ഞ‌െടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.

വീട് കയറിയുള്ള പ്രചാരണത്തിന് പോകാവുന്നുവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കിയും കമ്മീഷന്‍ ഉയ‍ർത്തി. ജനുവരി 31 ന് വീണ്ടും സാഹചര്യം പരിശോധിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ നടത്തണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. ഇതിനിടെ അഖിലേഷ് യാദവ് മെയിന്‍പുരിയിലെ കര്‍ഹാലില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് സമാജ്‍വാദി പാര്‍ട്ടി സ്ഥിരീകരിച്ചു. യുപിയിലെ സമാജ്‍വാദി പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് കര്‍ഹാല്‍. ഇത് ആദ്യമായാണ് അഖിലേഷ് യാദവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത ഇതിനിടെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന വ്യാഖ്യാനിക്കേണ്ടെന്ന പ്രതികരണവുമായി പ്രിയങ്കഗാന്ധി രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios