Asianet News MalayalamAsianet News Malayalam

C VIGIL : പൊതുജനങ്ങൾക്ക് പരാതി നേരിട്ടറിയിക്കാൻ തെര. കമ്മീഷന്‍റെ ആപ്പ്; സി-വിജിലിൽ 100 മിനിറ്റിൽ പരിഹാരം

ഫോട്ടോ കൂടി പരാതികൾക്കൊപ്പം ഉൾപ്പെടുത്താനുള്ള സംവിധാനവും സി വിജിലിൽ ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി

election commission of india introduced c-vigil app
Author
New Delhi, First Published Jan 8, 2022, 5:30 PM IST

ദില്ലി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി നേരിട്ട് അറിയാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് കമ്മീഷൻ. ഇതിനായി സി -വിജിൽ എന്ന പേരിൽ ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഈ ആപ്പിലൂടെ പരാതികൾക്ക് 100 മിനിറ്റിൽ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടാകുന്ന ചട്ടലംഘനങ്ങളടക്കമുള്ള പരാതികളുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനാകും. ഫോട്ടോ കൂടി പരാതികൾക്കൊപ്പം ഉൾപ്പെടുത്താനുള്ള സംവിധാനവും സി വിജിലിൽ ഉണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ഉത്തർപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനിടയിലായിരുന്നു ആപ്പും പുറത്തിറക്കിയത്.

ഉത്തർപ്രദേശിനൊപ്പം ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, മണിപ്പൂരിൽ 60 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക. പ്രഖ്യാപനം വന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര അറിയിച്ചു.

 

മാർച്ചിൽ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കും. 18.34 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വോട്ടവകാശം വിനിയോഗിക്കുക. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമാരോടും പ്രധാന പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാർ 1250 മാത്രമായിരിക്കും. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ്  ഉദ്യോഗസ്ഥർ മാത്രമുള്ള സംവിധാനമൊരുക്കും. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാം. കൊവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും തെര‍ഞ്ഞെടുപ്പ്.

പ്രധാന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഇങ്ങനെ:

  • തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥർ എല്ലാവരും രണ്ട് ഡോസും എടുത്തിരിക്കണം
  • തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ ഡോസും ഉറപ്പ് വരുത്തും
  • എല്ലാ പോളിങ് സ്റ്റേഷനുകളും സാനിറ്റൈസ് ചെയ്യും
  • പോളിങ് സമയം ഒരു മണിക്കൂർ വർധിപ്പിച്ചു
  • 80 വയസിന് മുകളിൽ ഉള്ള മുതിർന്ന പൗരൻമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ് രോഗികൾ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം
  • പാർട്ടികളും സ്ഥാനാർത്ഥികളും പരമാവധി ഡിജിറ്റൽ പ്രചാരണം നടത്തണം
  • ജനുവരി 15 വരെ റാലികളും പദയാത്രകളും റോഡ് ഷോകളും സൈക്കിൾ, ബൈക്ക് റാലികളും നടത്തുന്നതിന് വിലക്ക്
  • വിജയാഹ്ളാദപ്രകടനങ്ങൾ നടത്തുന്നതിനും വിലക്ക്
  • വീടുകയറി ഉള്ള പ്രചാരണത്തിന് 5 പേർ മാത്രം
Follow Us:
Download App:
  • android
  • ios