പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അന്തിമഫലം രാത്രി വൈകി മാത്രമെ ഉണ്ടാകുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നാലിലൊന്ന് വോട്ടുകള്‍ മാത്രണ് ഇതുവരെ എണ്ണിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഒരു ഹാളില്‍ ഏഴ് മേശകള്‍ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നാല് കോടിയില്‍ ഒരു കോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വളരെ പതുക്കെയാണ് വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്. പ്രാദേശിക - ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്ന കണക്കനുസരിച്ച് ബിഹാറിൽ തെളിയുന്ന അന്തിമചിത്രം അനിശ്ചിതമായ ഒന്നായിരിക്കാൻ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും കൃത്യമായൊരു ചിത്രം തെളിയുന്നില്ല. നാലിലൊന്ന് വോട്ടുകള്‍ മാത്രം എണ്ണി കഴിഞ്ഞപ്പോള്‍ എൻഡിഎയ്ക്ക് മേൽക്കൈ അവകാശപ്പെടാം എന്ന് മാത്രമാണ് നിലവിലെ ചിത്രം.

Also Read: ബിഹാര്‍ ഫലം രാത്രി വൈകിമാത്രം; എൻഡിഎ മുന്നേറുന്നു, 1000 ല്‍ താഴെ ലീഡുള്ള 74 മണ്ഡലങ്ങള്‍ നിര്‍ണായകം

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിൻ്റെ മുന്നേറ്റമാണ് ബിഹാറിൽ കണ്ടത്. എന്നാൽ പിന്നീട് അങ്ങോട്ട് ചിത്രം മാറി. ഒരു ഘട്ടത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർജെഡി ലീഡ് ചെയ്തു പോയെങ്കിലും പിന്നീട് ബിജെപി അവരെ മറികടന്നു പോയി. എന്നാൽ ഇപ്പോൾ ആർജെഡി ബിജെപിയുമായുള്ള ലീഡ് വ്യത്യാസം കുറച്ച് കൊണ്ടുവരികയാണ്. 

ബിജെപിയും ആർജെഡിയും തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ജെഡിയുവിനും കോൺ​ഗ്രസിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി മാറി. പലയിടത്തും ജെഡിയുവിൻ്റെ വിജയ സാധ്യത ഇല്ലാതാക്കിയ ചിരാ​ഗ് പാസ്വാൻ്റെ എൽജെപിക്ക് പക്ഷേ രണ്ട് സീറ്റിൽ മാത്രമാണ് ലീഡ് നേടാനായത്. 

ഉച്ചയ്ക്ക് 12 മണിക്കുള്ള കണക്ക് അനുസരിച്ച് എൻ‍ഡിഎ സഖ്യം 126 സീറ്റിലും മഹാസഖ്യം 105 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഇരുമുന്നണികളിലും ഉൾപ്പെടാത്ത സ്വതന്ത്ര‍ർ അടക്കമുള്ള ചെറുകക്ഷികൾ 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൻഡിഎയ്ക്കോ മഹാസഖ്യത്തിനോ 130-ൽ കൂടുതൽ സീറ്റുകൾ സ്വന്തം നിലയിൽ നേടിയാൽ മാത്രമേ സുസ്ഥിരമായ ഭരണം ബിഹാറിലുണ്ടാവാൻ സാധ്യതയുള്ളൂ.

ഔദ്യോ​ഗികമായി ഫലപ്രഖ്യാപനം ഉണ്ടായില്ലെങ്കിലും 40 സീറ്റുകളിൽ നിലവിൽ കടുത്ത പോരാട്ടം തുടരുകയാണ്. ബിഹാറിലെ അന്തിമഫലത്തെ സങ്കീ‍ർണമാക്കുന്നത് ഈ നാൽപ്പത് മണ്ഡലങ്ങളാണ്. ഇവിടെ നിലവിലെ ലീഡ് നില ആയിരത്തിൽ താഴെ മാത്രമാണ്. ഒരു പക്ഷേ ഇന്ന് രാത്രിയോട് മാത്രമേ ബിഹാറിൻ്റെ തെര‍‍ഞ്ഞെടുപ്പ് ചിത്രം തെളിയാൻ സാധ്യതയുള്ളൂ. 

നിലവിലെ ചിത്രം മാറി എൻഡിഎ കേവല ഭൂരിപക്ഷം നേടിയാലും രാഷ്ട്രീയ പ്രതിസന്ധി തുടരാൻ സാധ്യത ബാക്കിയാണ്. ചിരാഗ് പാസ്വാൻ്റെ എൽജെപിയുമായി ഒരു തരത്തിലുള്ള സഹകരണത്തിനുമില്ലെന്നും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നുമാണ് ജെഡിയുവിൻ്റെ നിലപാട്. നിലവിലെ ലീഡ് നില അനുസരിച്ച് ബിഹാറിലെ ഏറ്റവും ഒറ്റകക്ഷി ബിജെപിയാണ് എന്നിരിക്കെ ജെഡിയുവിൻ്റെ ആവശ്യങ്ങൾക്ക് ബിജെപി എത്ര കണ്ട് വഴങ്ങി കൊടുക്കും എന്നത് കണ്ടറിയണം.