മൂന്ന് ദിവസം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്ന സംഘം സ്ഥിതി വിലയിരുത്തും. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര  ആരോഗ്യസെക്രട്ടറിയുമായി തിങ്കളാഴ്ച കമ്മീഷന്‍  ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളും തേടും.

ദില്ലി: ഒമിക്രോണിന്റെ പടരുന്നതിനാൽ യുപി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ (Assembly Elections) മാറ്റി വയ്ക്കണമെന്ന അലഹബാദ് ഹൈക്കോടതി (Allahabad High Court) നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. മൂന്ന് ദിവസം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്ന സംഘം സ്ഥിതി വിലയിരുത്തും. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായി തിങ്കളാഴ്ച കമ്മീഷന്‍ ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിൽ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകൾ തേടും.

കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഒരു കേസ് പരിഗണിക്കവെ ജസ്റ്റിസ് ശേഖർ കുമാർ യാദവാണ് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇക്കാര്യത്തിൽ ചോദ്യം ഉന്നയിച്ചത്. ''ജനങ്ങളുടെ ജീവനാണ് പ്രധാനം. ജീവൻ ബാക്കിയുണ്ടെങ്കിലേ മറ്റെന്തിനും പ്രസക്തിയുള്ളു''. അതു കൊണ്ട് തെരഞ്ഞെടുപ്പ് മാറ്റി വച്ചു കൂടെ എന്നായിരുന്നു പരാമർശം. 

''റാലികളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിര്‍ത്തിയില്ലെങ്കില്‍ ഫലം ഗുരുതരമാകും. രണ്ടാം തരംഗത്തേക്കാള്‍ മോശമായ സാഹചര്യമുണ്ടാകും. ജീവനുണ്ടെങ്കില്‍ മാത്രമേ നമുക്ക് ലോകമുണ്ടാകൂ എന്നായിരുന്നു ജസ്റ്റിസ് ശേഖര്‍ യാദവ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കമ്മീഷൻ യുപി സന്ദർശിക്കുന്നത്. 

അതിനിടെ കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തും.കേരളവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കാനാണ് നീക്കം.

അതേ സമയം രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. ഒമിക്രോൺ വേഗത്തിൽ പടരുന്നതിനാൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.മഹാരാഷ്ട്രയിൽ സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ ഒന്നര മുതൽ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.