ദില്ലി: മനുഷ്യരെ പോലെ മൃ​ഗങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ വിഷമമുണ്ടാകും എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചരിഞ്ഞ കുട്ടിയാനയുടെ ജഡവുമായി വിലാപയാത്ര നടത്തുന്ന ഒരു കൂട്ടം ആനകളുടേതാണ് വീഡിയോ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

തുമ്പിക്കൈയിൽ കുട്ടിയാനയുടെ മൃതശരീരവും കൊണ്ട് റോഡ് മുറിച്ച് കടക്കുന്ന ഒരാന. എന്നാൽ റോഡ് മറികടന്നതിന് ശേഷം  സങ്കടം സഹിക്കാനാകാതെ കുട്ടിയാനയുടെ ശരീരം അതിന്റെ  തുമ്പിക്കൈയിൽ നിന്നും ഉതിർന്ന് വീഴുന്നു. എന്ത് ചെയ്യണമെന്നറിയാതെ നിസഹായകനായി നിൽക്കുന്ന ആനയെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി മറ്റ് ആനകളും എത്തുന്നു. പിന്നീട്, വീണ്ടും കുട്ടിയാനയേയും തുമ്പിക്കൈയിലേറ്റി ആനക്കൂട്ടം യാത്ര തുടരുന്നതും വീഡിയോയിൽ കാണാം.

'തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും' എന്ന അടിക്കുറിപ്പോടെയാണ് പ്രവീണ്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാണുമ്പോൾ കണ്ണ് നിറയിക്കുന്ന വീ‍‍ഡിയോ ഇന്ത്യയിലെ ഏതോ വന പ്രദേശത്ത് നിന്നാണ് പ്രവീണ്‍ പകര്‍ത്തിയിരിക്കുന്നത്.  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മണിക്കൂറികൾക്കുള്ളിൽ തന്നെ പതിനായിരത്തിലധികം ലൈക്കുകളാണ് വീഡിയോ നേടിയിരിക്കുന്നത്.