കടുവയെ ട്രാക്ക് ചെയ്യാനെത്തിച്ച പരിശീലനം ലഭിച്ച ആന പ്രാണികളുടെ കടിയേറ്റ് പരിഭ്രാന്തനായി നഗരത്തിലിറങ്ങി. തിരക്കേറിയ സ്ഥലങ്ങളിലൂടെ ആന സഞ്ചരിച്ചത് ജനങ്ങളിൽ ഭീതി പരത്തി. 

ഗുണ്ടൽപേട്ട്: കടുവയെ ട്രാക്ക് ചെയ്യാൻ എത്തിച്ച ആന ന​ഗരത്തിലിറങ്ങിയത് പരിഭ്രാന്തി പരത്തി. പ്രാണികളുടെ കടിയേറ്റതിനെ തുടർന്ന് ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. കർണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് സംഭവം.

ഗുണ്ടൽപേട്ടിലെ കല്ലഹള്ളിക്ക് സമീപം കടുവയെ ട്രാക്ക് ചെയ്യാനായി എത്തിച്ച പ്രത്യേക പരിശീലനം ലഭിച്ച ആനയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. ന​ഗരത്തിന്റെ പ്രധാന ഭാ​ഗങ്ങളിലും ബസ് ഡിപ്പോകളിലും ആന പ്രവേശിച്ചു. തിരക്കേറിയ ഒരു ബസ് ഡിപ്പോയിലൂടെ ആന നടന്ന് നീങ്ങുന്നതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആനയെ കണ്ടതോടെ വാഹനം ഓടിച്ചവരും പൊതുജനങ്ങളും പരിഭ്രാന്തിയിലായി. ആന ഒരാളുടെ അടുത്തേക്ക് നടന്ന് നീങ്ങിയപ്പോൾ അയാൾ തന്റെ ഇരുചക്ര വാഹനം ഉപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.

View post on Instagram

പ്രാണികളുടെ കടിയേറ്റതിനെ തുടർന്ന് പരിഭ്രാന്തനായ ആനയ്ക്ക് പെട്ടെന്ന് ദിശ നഷ്ടപ്പെട്ടുവെന്നും അബദ്ധത്തിൽ ന​ഗരത്തിൽ പ്രവേശിക്കുകയായിരുന്നുവെന്നും ബാപ്പർ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ശിവകുമാർ പറഞ്ഞു. പൊതുജനങ്ങൾക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മൈസൂരുവിലെ സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. കർഷകനായ ദണ്ഡ നായക് എന്നയാളാണ് കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് ദണ്ഡ നായകിന്റെ മൃതദേഹം കണ്ടെത്തിയത്. സരഗൂരിലെ ഹളെ ഹഗ്ഗഡിലു എന്ന പ്രദേശത്ത് സ്വന്തം കൃഷിയിടത്തിൽ വെച്ചാണ് 52കാരനായ ദണ്ഡ നായകിനെ കടുവ ആക്രമിച്ചത്.