ഹൈദരാബാദ്:  ആന്ധ്രപ്രദേശ് ഏലൂരുവില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ സാമ്പിൾ പരിശോധിച്ചതില്‍ ലെഡിന്‍റയും നിക്കലിന്‍റെയും അംശം കണ്ടെത്തിയതായി ഡല്‍ഹി എയിംസിന്‍റെ പരിശോധനാ റിപ്പോർട്ട്. ഇത് കുടിവെള്ളത്തിലൂടെയോ പാലിലൂടെയോ ആളുകളുടെ ഉള്ളിലെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും പ്രതിനിധികൾ പ്രദേശം സന്ദർശിച്ചു. 

പത്തുപേരുടെ സാമ്പിൾ അടിയന്തരമായി പരിശോധിച്ചതില്‍നിന്നാണ് ലെഡ്, നിക്കല്‍ എന്നീ സാന്ദ്രത കൂടിയ ലോഹങ്ങളുടെ അംശം രക്തത്തിലുണ്ടെന്ന നിഗമനത്തിലേക്ക് എയിംസ് അധികൃതർ എത്തിച്ചേർന്നത്. കൂടുതല്‍ പരിശോധനകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. മലിനമായ കുടിവെള്ളത്തില്‍ നിന്നോ പാലില്‍നിന്നോ ആകാം ഇത് ആളുകളുടെ ഉള്ളിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. റിപ്പോർട്ടിന് പിന്നാലെ പ്രദേശത്തുകാരെ അടിയന്തരമായി എല്ലാ പരിശോധനകൾക്കും വിധേയമാക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി നിർദേശം നല്‍കി. എല്ലാ കുടിവെള്ള സ്രോതസ്സകളിലും പരിശോധന തുടങ്ങി.

ഇതിനിടെ ഇതുവരെ ചികിത്സ തേടിയ 550 പേരില്‍ 461 പേരും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള 89 പേരുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെയും പ്രതിനിധികൾ ഏലൂരുവിലെത്തി സ്ഥിതി വിലയിരുത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മൂന്നംഗ സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ നിർദേശ പ്രകാരമാണ് എത്തിയത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് നൂട്രിഷന്‍റെയും സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.