ദില്ലി: 1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അക്കാലത്ത് സംഭവിച്ച അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവുമായുള്ള സംഭാഷണത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അടിയന്തരാവസ്ഥ ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും അതൊരു തെറ്റായ നടപടിയായിരുന്നു. എന്റെ മുത്തശ്ശിയും(ഇന്ദിരാനാഗാന്ധി) അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ ഭരണഘടനാപരമായ അടിത്തറ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ക്കതിന് കഴിയുമായിരുന്നിട്ടും. അത്തരമൊരു കാര്യം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ ഘടന ഞങ്ങളെ അനുവദിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അടിയന്തരവാസ്ഥയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ആര്‍എസ്എസ് ഇന്ന് എന്താണ് ചെയ്യുന്നത്. അവര്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ്. ബിജെപിയെ തോല്‍പ്പിച്ചാല്‍ പോലും ഭരണഘടനാ സ്ഥാപനങ്ങളിലെ ആര്‍എസ്എസ് സ്വാധീനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പോണ്ടിച്ചേരി, മധ്യപ്രദേശ് സംഭവങ്ങളെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി പറഞ്ഞു.