ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്.
ബെംഗളൂരു: ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്. ശേഷിച്ച നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഇതിനിടയിൽ സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു.
വാശി പിടിച്ച് കരയുന്ന കുഞ്ഞുങ്ങളെ വാഷിംഗ് മെഷിനകത്ത് ഇരുത്തുക, യൂറോപ്യൻ ക്ലോസ്റ്റിൽ ഇരുത്തി വായ്ക്കകത്തേക്ക് ഹാൻഡ് ഷവർ കൊണ്ട് വെള്ളം സ്പ്രേ ചെയ്യുക, രണ്ടും മൂന്നും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ശുചിമുറിക്കുള്ളിൽ അടച്ചിടുക, കരയുമ്പോൾ പുറത്ത് നിന്ന് ശബ്ദമുയർത്തി ഭീഷണിപ്പെടുത്തുക തുടങ്ങി സമാനതകളില്ലാത്ത ഈ കുറ്റകൃത്യം ചെയ്ത ആയമാരിൽ ഒരാളെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായിട്ടുള്ളത്. ഒരാൾ കൂടി കസ്റ്റഡിയിൽ ഉണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശേഷിച്ച ആയമാർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൂന്ന് ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഇന്ന് കൂടുതൽ ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് കർണാടകത്തിലെ മുഴുവൻ ഡേ കെയർ സെന്ററുകളിലും ചൈൽഡ് പ്രോട്ടക്ഷൻ കൗൺസിൽ അംഗങ്ങൾ നേരിട്ട് പരിശോധനയ്ക്ക് ഒരുങ്ങുന്നത്. എസ്ഓപി പാലിക്കാത്ത ഒരു സ്ഥാപനവും പ്രവർത്തിക്കാൻ സമ്മതിക്കേണ്ടെന്നാണ് തീരുമാനം.
ഇതിനിടയിൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്തയച്ചു. ഡേ കെയറുകളുടെ പ്രവർത്തനം പ്രതിദിനാടിസ്ഥാനത്തിൽ നിരീക്ഷിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കണമെന്നാണ് ആവശ്യം. ജീവനക്കാർക്ക് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. നിരവധി ഐടി സ്ഥാപനങ്ങളും അതോടനുബന്ധിച്ച് ധാരാളം ഡേ കെയർ സെന്ററുകളുമുള്ള ബെംഗളൂവിൽ കടുത്ത നടപടി തുടങ്ങാൻ പൊലീസും ആലോചിക്കുന്നുണ്ട്.

