Asianet News MalayalamAsianet News Malayalam

വിമാനത്തിൽ മാത്രം ഇത് പറ്റില്ലേ?', ഫ്ലൈറ്റിൽ മധ്യസീറ്റ് ഒഴിച്ചിടണമെന്ന് സുപ്രീംകോടതി

മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കിൽ വിമാനത്തിൽ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ചോദിച്ചു. വിദേശത്ത് നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

empty middle seats on air india flights after june 6 says supreme court
Author
Delhi, First Published May 25, 2020, 4:16 PM IST

ദില്ലി: വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ആരംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കിൽ വിമാനത്തിൽ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ചോദിച്ചു. 

വിദേശത്ത് നിന്നുള്ള  എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.  ടിക്കറ്റുകൾ വിതരണം ചെയ്ത സാഹചര്യത്തിൽ പത്ത് ദിവസത്തേക്ക് മുംബൈ ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ല. എന്നാൽ അതിനു ശേഷം വിമാനയാത്രകളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ടേ മതിയാവൂ എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വിമാനത്തിനുള്ളിൽ മാസ്കിന് പുറമെ ഫേസ് ഷീൽഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ഇവ വിമാന കമ്പനികൾ വിതരണം ചെയ്യും. പിപി ഇ കിറ്റുകൾ ധരിച്ചും യാത്രക്കാര്‍ എത്തുന്നുണ്ട്.

അതിനിടെ, വൻ ആശയക്കുഴപ്പത്തോടെയാണ് രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസ് വീണ്ടും തുടങ്ങിയിരിക്കുന്നത്.  62 ദിവസത്തിന് ശേഷമാണ് ആഭ്യന്തര യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങൾ തുറന്നത്. എന്നാൽ, ദില്ലിയിൽ നിന്നുള്ള 82 വിമാനങ്ങൾ യാത്രക്കാർ ഇല്ലെന്ന് പറഞ്ഞ് റദ്ദാക്കിയത് ആശയക്കുഴപ്പത്തിനിടയാക്കുകയായിരുന്നു.  ദില്ലിയിൽ നിന്നുള്ള  190 വിമാനങ്ങളിൽ  82 എണ്ണമാണ് റദ്ദാക്കിയത്. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് കാണിച്ച് മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.

ചില സംസ്ഥാനങ്ങൾ ഏഴ് മുതൽ 14  ദിവസം സര്‍ക്കാര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതിനാൽ നിരവധി പേര്‍  ടിക്കറ്റുകൾ റദ്ദാക്കുകയായിരുന്നു. പുറത്ത് നിന്ന് യാത്രക്കാരെ കൊണ്ടുവന്ന് ഇറക്കുന്നതിൽ ചില സംസ്ഥാനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതും വിമാനങ്ങൾ മുടങ്ങാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന. യാത്ര മുടങ്ങിയ മറ്റ് യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളിൽ സൗകര്യമൊരുക്കുമെന്നാണ് വിമാനക്കമ്പനികളുടെ പ്രതികരണം. 

Read Also: കൊച്ചി വിമാനമടക്കം ആദ്യദിനം കൂട്ടത്തോടെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ, പ്രതിഷേധം...

 

Follow Us:
Download App:
  • android
  • ios