ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്ന ഭീകരർക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ബദ്‍ഗാമിലെ സുത്‍സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ നാല് ജവാൻമാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു.
തുടർന്ന് സേന തിരികെ വെടിവച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് രണ്ട് ഭീകരരെ സേന വധിച്ചത്. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്.
ഇന്നലെയും ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ നടന്നിരുന്നു. ഷോപ്പിയാനിൽ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്ന് സുരക്ഷാസേന ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
