ലോക്സഭാ എംപി എഞ്ചിനീയർ റാഷിദിനെതിരെ തിഹാർ ജയിലിൽ വധശ്രമം നടന്നതായി ആരോപണം
ദില്ലി: തിഹാർ ജയിലിൽ വച്ച് പിതാവിന് നേരെ വധശ്രമം ഉണ്ടായെന്ന് ലോക്സഭാ എംപി ഷെയ്‌ഖ് അബ്ദുൾ റാഷിദിൻ്റെ (എഞ്ചിനീയർ റാഷിദ്) മകൻ അക്ബർ റാഷിദ്. അവാമി ഇത്തിഹാദ് പാർട്ടി നേതാവായ എഞ്ചിനീയർ റാഷിദ് ഭീകരവാദ കേസിലാണ് തിഹാർ ജയിലിൽ കഴിയുന്നത്. ഇവിടെ വച്ച് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ. കശ്മീരി തടവുകാർക്ക് നേരെ തിഹാർ ജയിലിൽ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നുവെന്നും അവാമി ഇത്തിഹാദ് പാർടി നേതാവായ എഞ്ചിയിനീയർ റാഷിദിൻ്റെ മകൻ അക്ബർ റാഷിദ് പിതാവിനെ ഉദ്ധരിച്ച് ആരോപിക്കുന്നു. കശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് റാഷിദ്. തിഹാർ ജയിലിൽ എയ്‌ഡ്‌സ് ബാധിതരായ ട്രാൻസ്ജെൻ്റേർസും ഗുണ്ടകളും കഴിയുന്ന സെല്ലുകളിലാണ് കശ്മീരി തടവുകാരെ പാർപ്പിച്ചിരിക്കുന്നതെന്നും ഇവരിൽ നിന്ന് നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നുവെന്നും ആരോപണമുണ്ട്. കശ്മീരി തടവുകാരുടെ സുരക്ഷ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്.
