ചെന്നൈ: മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ കോളേജിലെത്തി പരാതിപ്പെട്ടതില്‍ മനംനൊന്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കടലില്‍ ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയായ കേളമ്പാക്കം സ്വദേശി സുരേഷ്‌കുമാറാണ് (19) ആത്മഹത്യ ചെയ്തത്.

സുരേഷ് കുമാര്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പരാതി പറയാനായി അമ്മ രണ്ട് ദിവസം മുമ്പ് കോളേജിലെത്തിയിരുന്നു. അധ്യാപകരെ കണ്ട് മകന്‍ പഠനത്തില്‍ പിന്നോക്കം പോകുന്നതിനെപ്പറ്റി അമ്മ പരാതിപ്പെട്ടു. ഇതിനെ ചൊല്ലി സുരേഷും അമ്മയും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

രാത്രിയായിട്ടും മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാനത്തൂരിനടുത്ത് കടല്‍തീരത്ത് നിന്നും വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി റോയപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി.