ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വ്യക്തമാക്കി. 

ടെല്‍ അവീവ്: ഇസ്രയേൽ-ഗാസ യുദ്ധം മൂർച്ചിക്കുന്നതിനിടെ ഹമാസ് കമാൻഡർ മഹ്മൂദ് അൽ-സഹറിന്റെ സന്ദേശം പുറത്തുവന്നു. ഇസ്രയേൽ മാത്രമല്ല, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ സഹർ സന്ദേശത്തിൽ വ്യക്തമാക്കി. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തായത്. ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വ്യക്തമാക്കി. ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

ഭൂലോകത്തിന്റെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ ഞങ്ങളുടെ കീഴിലാകും. അനീതിയും അടിച്ചമർത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനമാണ് ലക്ഷ്യം. പലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയ, ലെബനൻ, ഇറാഖ് രാജ്യങ്ങൾക്കെതിരെ ഇപ്പോൾ നടക്കുന്നത് അടിച്ചമർത്തലാണെന്നും ഹമാസ് നേതാവ് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്തെത്തി.

ഹമാസിലെ ഓരോ അം​ഗവും മരിച്ച മനുഷ്യരാണെന്ന് ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു. 

Read More.... ഇസ്രായേൽ ഉപയോ​ഗിക്കുന്നത് യുഎൻ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബ്; വീഡിയോ സഹിതം ആരോപണമുന്നയിച്ച് പലസ്തീൻ

അതേസമയം, ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർഥിച്ചു. ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജിപ്തുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു.