ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. സത്യം വ്യക്തമാണെന്നും രാജ്യത്ത് കൊറോണ വൈറസിനെ നേരിടുന്നതിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

മോദിയുടെ നേതൃത്വത്തില്‍ ഓരോ ഇന്ത്യക്കാരനും സുരക്ഷിതരാണെന്ന ബോധ്യമുണ്ട്. അദ്ദേഹത്തില്‍ വിശ്വാസവുമുണ്ടെന്നും അമിത് ഷാ കുറിച്ചു. നേരത്തെ, കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പോരാട്ടം നടത്തുന്നതില്‍ പുലര്‍ത്തുന്ന മികവിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് കത്തയച്ചിരുന്നു.

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക, ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ഐസ്വലേഷന്‍ ചെയ്യുക, അവിടെ പരിശോധനകളുടെ തോത് വര്‍ധിപ്പുക്കുക, ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ പണം വകയിരുത്തുക, ഗവേഷണവും വികസനവും പ്രോത്സാഹിപ്പിച്ച് ഡിജിറ്റല്‍ മേഖലയിലും കുതിപ്പ് നടത്തുന്ന മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു.

അതേസമയം,  കൊവിഡ് 19 വൈറസ് ബാധയെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ 93.5 ശതമാനം ആളുകളും വിശ്വസിക്കുന്നുവെന്നുള്ള സര്‍വ്വേ ഫലവും ഇതിനിടെ പുറത്ത് വന്നു. ഐഎഎന്‍എസ്- സി വോട്ടര്‍ സര്‍വ്വേ പ്രകാരം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസം 76.8 ശതമാനം ആളുകള്‍ക്കായിരുന്നു മോദി സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നത്. എന്നാല്‍, ഏപ്രില്‍ 21 ആയപ്പോള്‍ ഇത് 93.5 ശതമാനമായി ഉയര്‍ന്നുവെന്ന് സര്‍വ്വേ പറയുന്നു.