ടൂൾകിറ്റ് ഉണ്ടാക്കിയത് താൻ അല്ലെന്നും രണ്ട് വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും ദിഷ കോടതിയിൽ അറിയിച്ചു. കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഒരു ഗൂഢാലോചനയുടെയും ഭാഗമല്ലെന്നും ദിഷ കോടതിയിൽ പറഞ്ഞു.

ദില്ലി: ​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തകയെ ദിഷ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദില്ലി പട്യാല കോടതിയുടെതാണ് നടപടി. ദിഷ രവി സർക്കാർ വിരുദ്ധ പ്രവൃത്തികൾക്കായി ഗൂഢാലോചന നടത്തിയെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. ടൂൾകിറ്റ് ഉണ്ടാക്കിയത് താൻ അല്ലെന്നും രണ്ട് വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും ദിഷ കോടതിയിൽ അറിയിച്ചു. കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഒരു ഗൂഢാലോചനയുടെയും ഭാഗമല്ലെന്നും ദിഷ കോടതിയിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

2018 ൽ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോർ ഫ്യുച്ചർ ( FFF) സംഘടനയുടെ സഹ സ്ഥാപകയാണ് 21കാരിയായ ദിഷ. സമൂഹ മാധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ​ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ​ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു. 

കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ​ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. 

വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ​ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാ​ഗമായാണ് ഇപ്പോൾ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.