കാർഗിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കയർക്കുന്ന വീഡിയോയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. യുവതിയുടെ പരാമർശം ജെൻസി തലമുറയോടുള്ള നല്ല മനോഭാവം പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രിയുടെ വിമർശനം.

ശ്രീനഗർ: കാർഗിലിലെ ചെക്ക്പോയ്ൻ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരോട് കയർക്കുന്ന വിനോദസഞ്ചാരിയുടെ വീഡിയോയിൽ പ്രതികരണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജെൻസിയാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കാൻ തുടങ്ങിയാൽ ജെൻസി തലമുറയോടുള്ള നല്ല മനോഭാവം പെട്ടെന്ന് തന്നെ ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഗിലിലെ ചെക്ക്പോയ്ൻ്റിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ചോദ്യംചെയ്ത് "ഞങ്ങൾ ജെൻസികളാണ്" എന്ന് പറയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ പ്രതികരണം.

വീഡിയോ പങ്കുവെച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ: "ഞങ്ങൾ ജെൻസി ആണ്" എന്ന് പറയുന്നത് ഇപ്പോൾ "എന്റെ അച്ഛൻ ആരാണെന്ന് നിനക്കറിയില്ലടാ" എന്ന് ചോദിക്കുന്നതുപോലെയായി മാറിയിരിക്കുന്നു. ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ഇതിനെ ഒരു ഭീഷണിയായി ഉപയോഗിക്കാൻ തുടങ്ങിയാൽ, ജെൻസി തലമുറയോട് മറ്റുള്ളവർക്കുള്ള നല്ല മനോഭാവം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും.

Scroll to load tweet…

സംഭവം ഇങ്ങനെ

ലഡാക്കിലെ കാർഗിലിലുള്ള മിനിമാർഗ് ചെക്ക്പോയ്ൻ്റിലാണ് വിനോദസഞ്ചാരിയായ യുവതി ഗതാഗത നിയന്ത്രണത്തെച്ചൊല്ലി സുരക്ഷാ ഉദ്യോഗസ്ഥരോട് കയർത്തത്. ജൂലൈ മാസം 25നാണ് സംഭവം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേന മേധാവി ജനറൽ ധീരജ് സേത്തും കടന്നുപോകുന്ന പശ്ചാത്തലത്തിൽ മേഖലയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ബുദ്ധിമുട്ടിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

തങ്ങൾ ജെൻസിയാണെന്നും ഇത്തരം അസംബന്ധം വെച്ചുപൊറുപ്പിക്കില്ലെന്നും യുവതി പറയുന്നത് വീഡിയോയിൽ കേൾക്കാം. കശ്മീരികളോട് ചെയ്യാറുള്ളത് ഇപ്പോൾ വിനോദസഞ്ചാരികളോടും ചെയ്യുകയാണെന്നും യുവതി ആരോപിച്ചു. അതേസമയം വിഐപികൾ കടന്നുപോയതിന് ശേഷം നിയന്ത്രണം നീക്കിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.