ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ നികുതിയിളവുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്ത് പുതിയ ഇവി പോളിസി. ഈ നയപ്രകാരം പെട്രോൾ, ഡീസൽ ടൂവീലറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് ആകർഷകമായ സ്ക്രാപ്പേജ് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും.

ദില്ലി: ദില്ലിയിലെ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന് പുതിയ 'ഡൽഹി ഇവി പോളിസി 2026' പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള എല്ലാ ഇലക്ട്രിക് കാറുകൾക്കും റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകും. ഇലക്ട്രിക് ടൂവീലറുകൾക്ക് 30,000 രൂപ വരെയും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് 50,000 രൂപ വരെയും എൻ-1 ഇലക്ട്രിക് ട്രക്കുകൾക്ക് (3.5 ടണ്ണിൽ താഴെ): 1,00,000 രൂപ വരെയും സബ്സിഡി നൽകും. 2028 ഏപ്രിൽ 1 മുതൽ ഇരുചക്ര വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ പുതുതായി രജിസ്റ്റർ ചെയ്യൂ. അടുത്ത വർഷം മുതൽ ഓട്ടോകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ രജിസ്ട്രേഷൻ നൽകൂ. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഘട്ടം ഘട്ടമായി ബൈ ബൈ പറയാൻ ഒരുങ്ങുകയാണ് ദില്ലി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ തലസ്ഥാനത്തെ വാഹനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 7,000 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ നയം 2030 മാർച്ച് 31 വരെ നിലവിലുണ്ടാകും. പെട്രോൾ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് പുതിയ നയം മുന്നോട്ട് വെക്കുന്നത്. 

പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കുന്നതിനായി 1500 കോടി രൂപയുടെ വിപുലമായ സ്ക്രാപ്പേജ് പാക്കേജാണ് ദില്ലി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെ പഴയ പെട്രോൾ, ഡീസൽ വാഹനം പൊളിച്ച് പുതിയ ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കിൽ വലിയ തുക ആനുകൂല്യമായി ലഭിക്കും. കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയും ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപ വരെയുമാണ് ലഭിക്കുക. ത്രീ-വീലറുകൾക്ക് 25,000 രൂപയും വാണിജ്യ ട്രക്കുകൾക്ക് 50,000 രൂപയും ഈ സ്ക്രാപ്പേജ് നയത്തിലൂടെ സ്വന്തമാക്കാം.

മലിനീകരണവും ശൈത്യകാലത്തെ പുകമഞ്ഞും കുറയ്ക്കുകയാണ് പുതിയ ഇവി നയത്തിന്‍റെ ലക്ഷ്യം. പോളിസി വന്ന് ആദ്യ മൂന്ന് മാസത്തിനുള്ളിൽ വാങ്ങുന്ന 1000 ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്കുകൾക്ക് (3.5 മുതൽ 12 ടൺ വരെ), ദില്ലിയിലെ കടുത്ത 'നോ എൻട്രി' സമയ നിയന്ത്രണങ്ങളിൽ നിന്ന് 10 വർഷത്തേക്ക് പൂർണ്ണ ഇളവ് നൽകും. കൂടാതെ, സ്കൂൾ ബസ് ഓപ്പറേറ്റർമാർ തങ്ങളുടെ വാഹനങ്ങളുടെ 10 ശതമാനം രണ്ട് വർഷത്തിനുള്ളിലും 20 ശതമാനം മൂന്ന് വർഷത്തിനുള്ളിലും 30 ശതമാനം വാഹനം 2030 മാർച്ചോടെയും ഇലക്ട്രിക്കാക്കി മാറ്റണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. വാഹന ചാർജിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ദില്ലിയിലുടനീളം 30,000-ത്തിലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും.