‌‌തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം പ്രതിസന്ധിയില്‍. തൊഴില്‍ നഷ്ടപ്പെട്ട് ദില്ലിയില്‍ മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചുലേറെ മലയാളി നഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വണ്ടിപിടിച്ചു പോകാനാണ് നോര്‍ക്കയില്‍ നിന്നു കിട്ടിയ മറുപടിയെന്ന് മലയാളി നഴ്സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.

പട്പട്ഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സോബിയ ഏഴുമാസം ഗര്‍ഭിണിയാണ്. നാട്ടിലേക്കു മടങ്ങാന്‍ രണ്ടു മാസം മുന്പാണ് ജോലി
രാജിവച്ചത്. രാജ്യം അടച്ചതോടെ പോക്ക് മുടങ്ങി. വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് സ്വകാര്യ ഹോസ്റ്റലില്‍ ഇന്ന് ജീവിക്കുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് ലിന്‍റ. ലോക്ഡൗണില്‍ ചെക്കപ്പ് മുടങ്ങി. 25 പേരുണ്ട് ഈ ഹോസ്റ്റലില്‍ മാത്രം. നാട്ടിലേക്ക് പോകാന്‍ നോര്‍ക്കയില്‍
രജിസ്റ്റര്‍ ചെയ്തവരാണ് ഇവരെല്ലാം. 

ജയ്പൂരില്‍ 25 മലയാളി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കിമാറ്റാന്‍ നിര്‍ദ്ദേശം വന്നതോടെ
പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന ആശങ്കയാണിവര്‍ക്ക്. ദില്ലിയില്‍ മാത്രം അയ്യായിരത്തോളം ആളുകൾ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക്
പ്രവാസികളെ എത്തിക്കുന്ന കാര്യത്തിൽ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന സര്‍ക്കാര്‍.