ദില്ലി: പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് തിരിയാത്ത പക്ഷം അടിച്ചൊതുക്കാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന് സുപ്രീം കോടതി ജഡ്ജ് ദീപക് ഗുപ്ത. ഭൂരിപക്ഷം പറയുന്നതെല്ലാം ശരിയാകണമെന്നില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടക്കുന്ന നടപടികള്‍ മുന്‍നിര്‍ത്തിയാണ് ദീപക് ഗുപ്തയുടെ പ്രതികരണം. എതിര്‍പ്പ് ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത നിലവിലുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു.

എതിര്‍പ്പും ജനാധിപത്യവും എന്ന വിഷയത്തില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ദീപക് ഗുപ്ത. സര്‍ക്കാര്‍ എന്നും ശരിയായിരിക്കണമെന്നില്ല. എല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. അക്രമത്തിലേക്ക് തിരിയാത്ത പ്രതിഷേധങ്ങളെ ഞെരിച്ചമര്‍ത്താന്‍ സര്‍ക്കാരിന് അവകാശമില്ല. എതിര്‍പ്പുകള്‍ രേഖപ്പെടുത്താനുള്ള അവസരമില്ലാതെ പോവുന്നത് ജനാധിപത്യത്തെ സാരമായി ബാധിക്കുമെന്നും ദീപക് ഗുപ്ത പറഞ്ഞു. സര്‍ക്കാരും രാജ്യവും  വ്യത്യസ്തമാണ്. ഒരുപാര്‍ട്ടിക്ക് 51 ശതമാനം വോട്ട് ലഭിച്ചുവെന്നതുകൊണ്ട് 49 ശതമാനം ആളുകള്‍ അടുത്ത അഞ്ച് വര്‍ഷം നിശബ്ദരായിരിക്കണം എന്നാണോ?

ഓരോ പൗരനും ജനാധിപത്യത്തില്‍ അവസരമുണ്ടെന്നും ദീപക് ഗുപ്ത പറഞ്ഞു. വിപരീത കാഴ്ചപ്പാടുണ്ടാവുന്നത് രാജ്യത്തെ അപമാനിക്കുന്നുവെന്നല്ല ഉദ്ദേശിക്കുന്നത്. ആശയങ്ങളുടെ ഏറ്റുമുട്ടല്‍ ഉണ്ടാവുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അഭിഭാഷകര്‍ ഇത്തരം വിഷയങ്ങളില്‍ കുറ്റം ആരോപിക്കുന്നവര്‍ക്കായി ഹാജരാവില്ല എന്ന് പറയുന്നതും പ്രമേയം പാസാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. നിയമ സഹായം നിഷേധിക്കാന്‍ പാടുള്ളതല്ലെന്നും ദീപക് ഗുപ്ത പറഞ്ഞു. വെട്ടിയ പാതകളിലൂടെ എല്ലാവരും നടന്നാല്‍ വികസനം എങ്ങനെയാണ് ഉണ്ടാക്കുക. പഴ ചിന്തകളെ ചോദ്യം ചെയ്താണ് ഗാന്ധിജി, മാര്‍ക്സ്, മുഹമ്മദ് എന്നിവര്‍ ഇതിന് മാതൃകയാണെന്നും ദീപക് ഗുപ്ത പറഞ്ഞു.