ദില്ലി: രണ്ട് ബലാത്സംഗ കേസുകളിലും ഒരു കൊലപാതക കേസിലുമായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പരോള്‍ അനുവദിക്കുന്നതില്‍ അനുകൂല നിലപാടെടുത്ത് ഹരിയാന മന്ത്രി. ശിക്ഷ അനുഭവിക്കുന്ന എല്ലാ കുറ്റവാളികള്‍ക്കും പരോളിനുള്ള അവകാശമുണ്ടെന്ന് മന്ത്രി കെ എല്‍ പന്‍വാര്‍ പറഞ്ഞു. അപേക്ഷ സിര്‍സ ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു. 

''നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. അയാള്‍ക്ക് പരോളിന് അപേക്ഷിക്കാനുള്ള അവകാശമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചു. ഞങ്ങള്‍ അത് പൊലീസ് കമ്മീഷണര്‍ക്കും എസ് പിക്കും കൈമാറി. മറ്റ് കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.'' -കെ എല്‍ പന്‍വാര്‍ പറഞ്ഞു. അതേസമയം പരോളില്‍ രാഷ്ട്രീയമില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരോള്‍ നല്‍കുമായിരുന്നുവെന്നും പന്‍വാര്‍ കൂട്ടിച്ചേര്‍ത്തു. 

കൃഷി നടത്താന്‍ പരോള്‍ ആവശ്യപ്പെട്ടാണ് ഗുര്‍മീത് റാം റഹിം പരോള്‍ ആവശ്യപ്പെട്ടത്.  രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത്, റോത്തക്കിലെ ജയിലിലാണ് ഉള്ളത്. ഹരിയാനയിലെ സിര്‍സയിലെ തന്‍റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്‍റെ ആവശ്യം. 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്. 

ജയിലില്‍ എല്ലാ നിയമങ്ങളും പാലിക്കുന്ന തടവ് പുള്ളിയാണ് ഗുര്‍മീത് എന്നാണ് സിര്‍സയിലെ ജയില്‍ സുപ്രണ്ട് പ്രതികരിച്ചത്. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് വിധിച്ചത്. കൂടാതെ  മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍  ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.