അതിർത്തിയിലെ മന ഗ്രാമത്തിൽ വരെ ഡിജിറ്റൽ പണമിടപാട് സൗകര്യം ലഭ്യമായി കഴിഞ്ഞിരിക്കുന്നുവെന്ന് മോദി. ഇതാണ് രാജ്യത്തിന്റെ ശക്തി. അഭിമാനം തോന്നുന്നുവെന്നും മോദി
ഉത്തരാഖണ്ഡ്: രാജ്യാതിർത്തിയിലെ ഗ്രാമങ്ങൾ അവസാന ഗ്രാമങ്ങളല്ല, ആദ്യ ഗ്രാമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഗ്രാമങ്ങളെ ആദ്യ ഗ്രാമങ്ങളായി പരിഗണിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ പണമിടപാട് സൗകര്യം ഈ ഗ്രാമങ്ങളിലടക്കം എത്തിക്കഴിഞ്ഞു. മനയിൽ യുപിഐ പേമെന്റുകളും ക്യൂ ആർ കോഡുകളും കച്ചവടക്കാർ ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇതാണ് രാജ്യത്തിന്റെ ശക്തിയെന്നും മോദി വ്യക്തമാക്കി.
രാജ്യം കൊളോണിയൽ അടിമത്തത്തിൽ നിന്ന് പുറത്ത് വന്നേ മതിയാകൂ എന്നും മോദി ആവർത്തിച്ചു. രാജ്യത്തെ തീർത്ഥാടകർ യാത്രാ ചെലവിന്റെ 5 ശതമാനം എങ്കിലും പ്രാദേശികമായി നിർമ്മിച്ച സാധനങ്ങൾ വാങ്ങാൻ ചെലവഴിക്കണമെന്നും മോദി അഭ്യർത്ഥിച്ചു. കേദാർനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ മുൻപുള്ള സർക്കാരുകൾ വികസനം കൊണ്ടുവന്നത് സ്വാർത്ഥ ലാഭം മുൻനിത്തി മാത്രമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. ഇരട്ട എഞ്ചിൻ സർക്കാർ വന്നതോടെ തീർത്ഥാടകരുടെ എണ്ണം കൂടിയതായും മോദി അവകാശപ്പെട്ടു. വർഷം 5 ലക്ഷം പേരെത്തിയിരുന്ന കേദാർനാഥിലേക്ക് 45 ലക്ഷം പേർ ഇപ്പോൾ എത്തുന്നതായി മോദി പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പർവത മേഖലകളിലേക്കുള്ള യാത്രാ സൗകര്യമാണ്. അതിനുള്ള പരിഹാര നടപടികൾക്ക് ഊന്നൽ നൽകുകയാണ് സർക്കാരെന്നും മോദി പറഞ്ഞു. ദില്ലിയിൽ നിന്നും യുപിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് നാലുവരി എക്സ്പ്രസ് പാത വരുന്നതോടെ ഇതിന് പരിഹാരമാകും. ദില്ലി ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഉത്തരാഖണ്ഡിലെ വ്യവസായ വികസനത്തിന് ഊർജം പകരും. പർവത മേഖലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ ഡ്രോണുകളെ പ്രയോജനപ്പെടുത്താനുള്ള നീക്കം തുടങ്ങി കഴിഞ്ഞതായും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ മന ഗ്രാമത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
പരമ്പരാഗത വേഷം ധരിച്ച് പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം; ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു
ഉത്തരാഖണ്ഡിലെത്തിയ അദ്ദേഹം, രാവിലെ കേദാർനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി. ശങ്കരാചാര്യരുടെ സമാധി സ്ഥലവും സന്ദർശിച്ചു. ഹിമാചല്‍ പ്രദേശ് സന്ദർശനത്തിനിടെ ഒരു യുവതി സമ്മാനമായി നല്‍കിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം. ഈ ചിത്രം മോദി ട്വീറ്റും ചെയ്തു. ബദരീനാഥ് ക്ഷേത്രവും മോദി സന്ദർശിച്ചു. ഗൗരികുണ്ടില്‍നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള റോപ് വേ നിർമാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2400 കോടി രൂപ ചിലവിട്ടാണ് റോപ്‍വേ നിർമ്മിക്കുന്നത്.
