ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്റ്റനും ഭാര്യയും കാറപകടത്തിൽ കൊല്ലപ്പെട്ടു. ബിബിഎ വിദ്യാർത്ഥി അമിത വേ​ഗതയിൽ ഓടിച്ചു വന്ന കാറിടിച്ചാണ് അമർദീപ് സിം​ഗ് ​ഗിൽ, ഭാര്യ രജനി ​ഗിൽ എന്നിവർ തെക്ക്പടിഞ്ഞാറൻ ദില്ലിയിലെ ദ്വാരകയിൽ നടന്ന അപകടത്തിൽ മരിച്ചത്. ഇവർ ഇരുവരും റോഡ് മുറിച്ചു കടക്കവേ അമിത വേ​ഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇടിയുടെ ശക്തിയിൽ ഇവർ ദൂരത്തേയ്ക്ക് തെറിച്ചുവീണു. ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം നടന്ന ഉടനെ ഡ്രൈവര്‍ കാറുമായി രക്ഷപ്പെട്ടു. ദൃസാക്ഷികളിലൊരാള്‍ കൈമാറിയ രെജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച്  നേതാജി സുഭാഷ് പ്ലെയിസിലെ ഒരു കമ്പനിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രിതാംപുരയിലെ ഒരു ഡീലര്‍ക്ക് കാര്‍ വിറ്റുവെന്ന് പോലീസ് മനസിലാക്കി. ഇതോടെ ഡീലറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വികാസ്പുരിയിലെ ഒരാള്‍ കാര്‍ വാങ്ങിയതായി വ്യക്തമായത്. ഇതോടെ വികാസ്പുരിയിലെത്തി പോലീസ് കാര്‍ വീണ്ടെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മരിച്ച ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ഇവർ കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.