ദില്ലി: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസായിരുന്നു. വിവിധ കാലയളവുകളിലായി മൂന്ന് തവണ അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. ഏറേക്കാലമായി ദില്ലിയില്‍ താമസിക്കുന്ന മിശ്ര വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം 70-80 കാലഘട്ടങ്ങളില്‍ ബീഹാറിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു. 

1975-1977,1980-1983,1989-1990 കാലഘട്ടങ്ങളിലാണ് മിശ്ര മുഖ്യമന്ത്രിയായി ജോലി ചെയ്തത്. ബീഹാറിലെ വിദ്യാഭ്യാസമേഖലയില്‍ വലിയ പരിഷ്കാരങ്ങള്‍ മിശ്രയുടെ ഭരണകാലത്ത് ഉണ്ടായിരുന്നു. ഉര്‍ദ്ദുവിനെ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കിയ നടപടിയിലൂടെ മൗലാന മിശ്ര എന്ന അപരനാമവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്‍ക്കാലത്ത് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മിശ്ര അവസാനകാലത്ത് ജെഡിയുവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മിശ്രയുടെ വിയോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.