ദില്ലി: മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് നിയമനം. ഈ മാസം 31ന് രാജീവ് കുമാർ ചുമതലയേൽക്കും. 1984 ഐ എ എസ് ബാച്ചുകാരനായ രാജീവ് കുമാർ ത്സാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായിരിക്കേ പൊതുമേഖല ബാങ്കുകളുടെ ലയന തീരുമാനത്തിലടക്കം നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സ്താനത്ത് നിന്നും രാജിവച്ചത്. ലവാസ ഏഷ്യൻ വികസന
ബാങ്കിൽ വൈസ് പ്രസിഡൻറായി അടുത്ത മാസം ചുമതലയേല്ക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി അശോക് ലവാസ രാജിവയ്ക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വിരമിക്കുമ്പോൾ അടുത്ത വർഷം ഏപ്രിലിൽ ഈ സ്ഥാനത്ത് ഏത്തേണ്ടത് ലവാസയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ സംഭവങ്ങളുടെ തുടർച്ചയാണ് ലവാസയുടെ രാജി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്ന് ബിജെപി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ എന്നിവരുടെ പ്രസംഗങ്ങൾ ചട്ടലംഘനമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻകണ്ടെത്തലിനെ ലവാസ എതിർത്തിരുന്നു.