ബെംഗളൂരു: മുന്‍കാമുകി പിറന്നാളാശംസകൾ നേരാത്തതിൽ മനംനൊന്ത് ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര 
ബന്ധഹള്ളി സ്വദേശി എം ശിവകുമാറാണ് (25) ജീവനൊടുക്കിയത്. ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു ശിവകുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

2017 മുതൽ 2019 വരെ ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ശിവകുമാർ ജോലി ചെയ്തിരുന്നു. ന​ഗരത്തിൽ യലഹങ്ക എന്ന പ്രദേശത്താണ് ശിവകുമാർ താമസിച്ചിരുന്നത്. ഇതിനിടെ വീടിനടുത്ത് താമസിച്ചിരുന്ന പെൺകുട്ടിയുമായി ശിവകുമാർ അടുപ്പത്തിലായി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശിവകുമാർ ആ​ഗ്രഹം പ്രകടിപ്പിക്കുകയും ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ആ സമയത്തായിരുന്നു അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുന്നത്. കൂലി പണിയെടുക്കുന്ന സഹോദരനും വിധവയായ അമ്മയ്ക്കും ശിവകുമാർ മാത്രകമായിരുന്നു ഏക തുണ. അമ്മയെ പരിചരിക്കുന്നതിനായി നാട്ടിൽതന്നെ നിൽക്കണമെന്ന സഹോദരന്റെ ആവശ്യം ശിവകുമാർ അം​ഗീകരിച്ചു. ഇക്കാര്യം ശിവകുമാർ കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ശിവകുമാര്‍ ബെംഗളൂരുവിലേക്ക് ഉടൻ തിരിച്ചുവരില്ലെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന്  അകലം പാലിച്ചു. അതേസമയം, ശിവകുമാറിന് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

ഫെബ്രുവരി 26-നായിരുന്നു ശിവകുമാറിന്റെ 25-ാം പിറന്നാൾ‌. അന്നേദിവസം തനിക്ക് പിറന്നാൾ‌ ആശംസകൾ നേരാൻ കാമുകി വിളിക്കുമെന്ന് അയാൾ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാത്രിയായിട്ടും പെണ്‍കുട്ടിയുടെ വിളി വരാത്തതിനെ തുടർന്ന് ശിവകുമാർ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന കുറിപ്പ് എഴുതി വച്ചായിരുന്നു ശിവകുമാർ ജീവനൊടുക്കിയത്.