സിവിൽ സർവീസ് രാജിവെച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ 2027-ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ജനനീതി ഭാരത് പാർട്ടി സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം.

ലഖ്നൌ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ പ്രഖ്യാപിച്ചു. 403 മണ്ഡലങ്ങളിലും ജനനീതി ഭാരത് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം. ശനിയാഴ്ച മിർസാപ്പൂരിലെ ചുനാറിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ദിവ്യ മിത്തൽ ഇക്കാര്യം അറിയിച്ചത്. ചുനാറിലും പാർട്ടി സ്ഥാനാർത്ഥിയെ നിർത്തുമെന്നും പിന്തുണയ്ക്കണമെന്നും ദിവ്യ മിത്തൽ അഭ്യർത്ഥിച്ചു.

പരിപാടിക്കെത്തിയ ദിവ്യ മിത്തൽ ഗുഹ്രാജ് നിഷാദ് പാർക്കിലെ നിഷാദ് രാജിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ജനങ്ങളുമായി സംവദിച്ചത്- "ഞങ്ങളുടെ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചുനാറിലും ഞങ്ങൾ സ്ഥാനാർത്ഥിയെ നിർത്തും. ഞങ്ങളുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്ന് ചുനാറിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ശക്തരായ സ്ഥാനാർത്ഥികളെ ലഭിക്കുന്നിടത്തെല്ലാം, അതായത് സംസ്ഥാനത്തെ 403 സീറ്റുകളിലും ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തും"- ദിവ്യ മിത്തൽ പറഞ്ഞു.

കേവലം രാഷ്ട്രീയം പറയുന്നതിന് പകരം ജനകേന്ദ്രീകൃത ഭരണം കൊണ്ടുവരാനും ജനങ്ങളുടെ ഭരണം സ്ഥാപിക്കാനുമാണ് താൻ പൊതുരംഗത്തേക്ക് ഇറങ്ങിയതെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കി. വെറും രാഷ്ട്രീയമല്ല, ജനനീതിയാണ് നമുക്ക് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മിത്തലിന്റെ പ്രഖ്യാപനം. ജനസമ്പർക്കത്തിനിടെ ഇലക്ഷൻ പ്ലാനുകൾ വ്യക്തമാക്കുന്ന ദിവ്യ മിത്തലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വേറെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേർന്നായിരിക്കില്ല തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും ദിവ്യ മിത്തൽ നേരത്തെ വ്യക്തമാക്കി.

ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥയായിരുന്നു ദിവ്യ മിത്തൽ, 13 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെയാണ് രാജിവെച്ചത്. ഉത്തർപ്രദേശിലെ മിർസാപുർ, ദിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ കളക്ടറായി ദിവ്യ മിത്തൽ പ്രവർത്തിച്ചിരുന്നു. മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റായിരിക്കെ ഉൾനാടൻ ​ഗ്രാമങ്ങളിലേക്ക് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.