തകർന്നത് നിർമ്മാണ ആവശ്യങ്ങൾക്കായി മാത്രം ഒരുക്കിയ താൽക്കാലിക താൽക്കാലിക സംവിധാനമാണെന്നും സ്ഥിരമായി നിർമ്മിക്കുന്ന പ്രധാന പാലത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും അധികൃതർ
താനെ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഉൽഹാസ് നദിക്ക് കുറുകെ നിർമ്മിച്ച താൽക്കാലിക പാലം കനത്ത മഴയിൽ ഒലിച്ച് പോയി. മഹാരാഷ്ട്രയിലെ താനെയിലെ ദിവ മേഖലയിൽ നിർമ്മിച്ച പാലമാണ് കനത്ത മഴയിൽ ഒലിച്ച് പോയത്. പ്രധാന റെയിൽവേ പാളത്തിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തേക്ക് നിർമ്മാണ സാമഗ്രഹികൾ എത്തിക്കാനായിരുന്നു ഈ പാലം നിർമ്മിച്ചത്. ജൂലൈ 4നും ജൂലൈ ആറിനും ഇടയിലുണ്ടായ കനത്ത മഴയ്ക്കിടെയാണ് സംഭവം. തകർന്നത് നിർമ്മാണ ആവശ്യങ്ങൾക്കായി മാത്രം ഒരുക്കിയ താൽക്കാലിക താൽക്കാലിക സംവിധാനമാണെന്നും സ്ഥിരമായി നിർമ്മിക്കുന്ന പ്രധാന പാലത്തിന് യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വിശദമാക്കി.
കഴിഞ്ഞ ആഴ്ച ഈ മേഖലയിൽ ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഉൽഹാസ് നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് നദിയിലെ ശക്തമായ ഒഴുക്കിൽ നിർമ്മാണ തൊഴിലാളികൾക്കും യന്ത്രസാമഗ്രികൾക്കും കടന്നുപോകാനായി തയാറാക്കിയ താൽക്കാലിക പാതയ്ക്ക് കേടുപാടുകൾ സംഭവിച്ചത്. എന്നാൽ, ഈ സംഭവം റെയിൽവേ പാലത്തിന്റെ രൂപകൽപ്പനയെയോ സുരക്ഷയെയോ അതിന്റെ നിർമ്മാണ പ്രക്രിയയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് എൻ.എച്ച്.എസ്.ആർ.സി.എൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തകർന്ന ഭാഗങ്ങൾക്ക് പകരമുള്ള താൽക്കാലിക ക്രമീകരണങ്ങൾ ഉടൻ തന്നെ ഒരുക്കുമെന്നും, നിലവിൽ പാലത്തിന്റെ നിർമ്മാണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും മുൻകൂട്ടി നിശ്ചയിച്ചതുപോലെ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏകദേശം 1.08 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി താനെ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ഈ വൻകിട പദ്ധതിയുടെ ഓഹരി പങ്കാളിത്തം അനുസരിച്ച് കേന്ദ്ര സർക്കാർ പതിനായിരം കോടി രൂപയും, പദ്ധതി കടന്നുപോകുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ അയ്യായിരം കോടി രൂപ വീതവുമാണ് എൻ.എച്ച്.എസ്.ആർ.സി.എല്ലിന് നൽകേണ്ടത്. പദ്ധതിക്ക് ആവശ്യമായ ബാക്കി തുക 0.1 ശതമാനം പലിശ നിരക്കിലുള്ള ദീർഘകാല വായ്പയായി ജപ്പാനാണ് നൽകുന്നത്.


