ലാഹോര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ രൂക്ഷ നിലപാടുമായി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്. കശ്മീരികള്‍ക്ക് ആയുധമെടുത്തുള്ള പോരാട്ടത്തില്‍ പിന്തുണ നല്‍കുന്നതാണ് ജാവേദ് മിയാൻദാദിന്‍റെ ദൃശ്യങ്ങള്‍. കയ്യില്‍ വാളേന്തി കശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് ജാവേദ് മിയാന്‍ദാദ് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.സിക്സറുകള്‍ അടിക്കാന്‍ ആയിരുന്നു ബാറ്റ് ഉപയോഗിച്ചിരുന്നത്.  എനിക്ക് ബാറ്റ് ഉപയോഗിക്കാന്‍ മാത്രമല്ല വാള്‍ ഉപയോഗിക്കാനും അറിയാമെന്ന് മിയാന്‍ ദാദ് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കശ്മീര്‍ വിഷയത്തില്‍ ജാവേദിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്കിടയില്‍ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.

ഇതാദ്യമായല്ല ജാവേദ് മിയാൻദാദിന്റെ പ്രസ്താവനകൾ‌ വിവാദമാകുന്നത്. നേരത്തേ  കശ്മീരികളോട് ആയുധമെടുക്കാൻ മിയാൻദാദ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ ഇന്ത്യ റദ്ദാക്കിയപ്പോഴും താരം ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. ഇന്ത്യൻ സർക്കാർ ഭീരുക്കളാണെന്നും അണ്വായുധം കാഴ്ചയ്ക്കു വേണ്ടിയല്ല പാക്കിസ്താൻ സൂക്ഷിക്കുന്നതെന്നുമായിരുന്നു മിയാൻദാദ് അന്ന് പറഞ്ഞത്.