കോയമ്പത്തൂര്‍: മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന് മുന്‍ ഭാര്യമാരുടെ മര്‍ദ്ദനം. കോയമ്പത്തൂരിലെ രസിപാളയത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 26-കാരനായ യുവാവിനെ ഓഫീസിന് പുറത്തുവെച്ചാണ് മുന്‍ ഭാര്യമാര്‍ ചേര്‍ന്ന് തല്ലിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

2016- ലായിരുന്നു യുവാവിന്‍റെ ആദ്യ വിവാഹം. വിവാഹ ശേഷം ഇയാള്‍ ഭാര്യയെ അസഭ്യം പറയുന്നതും മര്‍ദ്ദിക്കുന്നതും പതിവാക്കി. പീഡനം സഹിക്കാനാവാതെ ആദ്യഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് 2019 -ല്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട വിവാഹമോചനം കഴിഞ്ഞ സ്ത്രീയെ യുവാവ് പുനര്‍വിവാഹം ചെയ്തു. എന്നാല്‍ സ്ത്രീധനം ചോദിച്ച് യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഭാര്യയും മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി.

 കഴിഞ്ഞ ആഴ്ചയാണ് യുവാവ് മൂന്നാമതും വിവാഹം ചെയ്യാനൊരുങ്ങുന്ന വിവരം മുന്‍ഭാര്യമാര്‍ അറിയുന്നത്. തുടര്‍ന്ന് ഇരുവരും യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്തെത്തി ഇയാളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഇവര്‍ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. പിന്നീട് യുവാവ് ഓഫീസിന് പുറത്തേക്ക് എത്തിയപ്പോള്‍ ഭാര്യമാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെതിരെ മുന്‍ഭാര്യമാര്‍ സുലുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.