5 ലക്ഷം കോടിയുടെ ധാരണാപത്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്‍റെ സംതൃപ്തിയിലാണ് മന്ത്രി ടി ആര്‍ ബി രാജ
ചെന്നൈ: ആഗോള നിക്ഷേപ സംഗമത്തിൽ തെളിഞ്ഞത് ദ്രാവിഡ മോഡൽ ഭരണത്തിന്‍റെ മികവെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി ആര്‍ ബി രാജ. സ്റ്റാലിന്‍റെ വിദേശ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത് പുത്തൻ നിക്ഷേപങ്ങളെന്നും വ്യവസായ മന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രിയായി ചുമതലയേറ്റെടുത്ത് എട്ട് മാസത്തിനുള്ളിൽ ആഗോള നിക്ഷേപ സംഗമം വിജയകരമായി സംഘടിപ്പിക്കുകയും ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖരുടെ പ്രശംസ നേടുകയും ചെയ്ത ടിആര്‍ബി രാജ , 5 ലക്ഷം കോടിയുടെ ധാരണാപത്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയതിന്‍റെ സംതൃപ്തിയിലാണ്.
എല്ലായിടങ്ങളിലും നിക്ഷേപം എത്തുന്നത് എല്ലാവരെയും ഉൾകൊള്ളുന്ന ദ്രാവിഡ മാതൃക കാരണമാണെന്ന് മന്ത്രി പറഞ്ഞു. ഇതു തുടക്കം മാത്രം. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം പിന്നാലെ വരും. മുഖ്യമന്ത്രി സ്റ്റാലിന്‍ യുഎഇ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളിലെത്തി നിക്ഷേപകരെ നേരിട്ട് സ്വാഗതം ചെയ്തതിന്‍റെ നേട്ടമാണ് ഇപ്പോള്‍ കണ്ടത്. ഈ മാസം സ്പെയിനും വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിൽ ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതോടെ പുതിയ നിക്ഷേപങ്ങൾ തമിഴ്നാട്ടിലേക്ക് എത്തുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.
വ്യവസായ വകുപ്പ് സംഘത്തിനൊപ്പം മുഖ്യമന്ത്രി സ്റ്റാലിന്‍ ദാവോസിലേക്ക് പോകുന്നില്ല. എന്നാൽ സ്പെയിനിലേക്ക് പോകും. പിന്നീട് ഓസ്ട്രേലിയയിലും അമേരിക്കയിലും സന്ദര്‍ശനമുണ്ടാകും. ഇവിടെയെല്ലാം പുതിയ നിക്ഷേകരെയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

