Asianet News MalayalamAsianet News Malayalam

രക്ഷിക്കുമോ 'കൊവിഷീൽഡ്'? രാജ്യത്ത് അടിയന്തര അനുമതിക്ക് ശുപാർശ നൽകിയേക്കും

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയും ചേർന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്. ഭാരത് ബയോടെക്കിന്‍റെ വാക്സിനാണ് കൊവാക്സിൻ. 

expert panel set to recommend approving Oxford COVID-19 vaccine Covishield for emergency use in India
Author
New Delhi, First Published Jan 1, 2021, 5:13 PM IST

ദില്ലി: കൊവിഡിനെ നേരിടാൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും. പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 'കൊവിഷീൽഡ്' വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സിൻ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈറൺ നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാനിരിക്കെയാണ് വിദഗ്ധസമിതി യോഗം ചേരുന്നത്.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയും ചേർന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്. ഭാരത് ബയോടെക്കിന്‍റെ വാക്സിനാണ് കൊവാക്സിനും വിദേശസ്വകാര്യകമ്പനിയായ ഫൈസറിന്‍റെ വാക്സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്. 

ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്‍റെ വിവിധഘട്ടങ്ങളിൽ ലഭിച്ച ഫലങ്ങളുടെ റിപ്പോർട്ട് ഹാജരാക്കാൻ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊവിഷിൽഡിന് ബ്രിട്ടണിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നതാണ്. വാക്സിൻ ഡോസുകൾ നേരത്തെ തന്നെ ഉൽപാദിപ്പിച്ചതിനാൽ അനുമതി കിട്ടിയാൽ ഉടനടി സെറം ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് കേന്ദ്രസർക്കാരിന് കൈമാറാൻ തയ്യാറാണ്. വിദേശവാക്സിനായ ഫൈസറിന്‍റെ പ്രതിനിധികളും സമിതിക്ക് മുന്നിൽ നേരിട്ടെത്തി വിവരങ്ങൾ കൈമാറിയിട്ടുണ്ട്. 

വിദഗ്ധ ശുപാർശയിൽ രാജ്യത്തെ ഡ്രഗ്സ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജൂണിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്തിലും വലിയ കുറവ് ഡിസംബറിൽ രേഖപ്പെടുത്തിയെന്ന കണക്കുകൾ ആശ്വാസമാകുമ്പോഴാണ് വാക്സിൻ ഉടൻ വരുമെന്ന വാർത്തയും രാജ്യത്തിന് പ്രതീക്ഷയേകുന്നത്. നാളെ നടക്കുന്ന ഡ്രൈ റണ്ണിന്‍റെ ഭാഗമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും മൂന്നിടങ്ങളിലായി ഇരുപത്തിയ‍ഞ്ച് പേരിലാണ് വാക്സിൻ ട്രയൽ നടക്കുക.

മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 പ്രതീക്ഷയുടെ വർഷമാകുമെന്നും എല്ലാവരിലേക്കും വാക്സിനേഷൻ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതും നല്ല സൂചനയാവുകയാണ്.

Follow Us:
Download App:
  • android
  • ios