Asianet News MalayalamAsianet News Malayalam

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്; വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല:  വിദേശകാര്യമന്ത്രി 

റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യ സന്ദർശിക്കുന്നത്.

External Affairs Minister S Jaishankar and Russian Foreign Minister Sergei Lavrov meeting
Author
First Published Nov 8, 2022, 6:51 PM IST

ദില്ലി : സമ്മർദ്ദങ്ങളുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെ ലവ്റോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. 
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ റഷ്യയിലെത്തിയത്. 

റഷ്യ- യുക്രൈൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യ സന്ദർശിക്കുന്നത്. റഷ്യ–യു്ക്രൈൻ സംഘർഷത്തിൽ നിലപാട് ആവർത്തിച്ച മന്ത്രി സമാധാനത്തിനു വേണ്ടിയുള്ള ഏത് ശ്രമത്തിനും ഇന്ത്യ, റഷ്യയ്ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിൻറെ അനന്തര ഫലം ഇപ്പോഴും ദൃശ്യമാണ്. സമാധാനം പുനസ്ഥാപിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇന്ത്യയ്ക്ക് റഷ്യയുമായുള്ളത് ദീർഘകാലത്തെ ബന്ധമാണെന്നും ഇത് വിപൂലീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എസ് ജയ്ശങ്കർ വ്യക്തമാക്കി. 

ഇന്ധന വാതക ഉപഭോഗത്തിൽ മൂന്നാമതാണ് ഇന്ത്യ. ഏറ്റവും  കുറഞ്ഞ വിലയിൽ ഇന്ധന സ്രോതസ്സുകൾ കണ്ടത്തേണ്ടത് രാജ്യത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന റഷ്യയുമായുള്ള പങ്കാളിത്തം ഇന്ത്യ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജയശങ്കർ പറഞ്ഞു. അന്താരാഷ്ട്ര വിപണിയെ പിടിച്ചു നിർത്തുന്നതിൽ ഇരു രാജ്യങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അന്താരാഷ്ട്ര സമൂഹം അവഗണിക്കരുതെന്നും ജയശങ്ക‍ര്‍ ഓർമ്മിപ്പിച്ചു. അഫ്ഗാനിസ്ഥാൻ നേരിടുന്ന ഭീകരാവസ്ഥയ്ക്കെതിരെ അയൽ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും എസ്.ജയ്ശങ്കർ സന്ദർശനത്തിൽ  ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios