എക്സിലൂടെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഒറ്റ വരി പ്രതികരണം. 

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സേനകൾ സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹ്രസ്വ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകം തീവ്രവാദത്തോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നാണ് അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം എക്സിൽ കുറിച്ചത്.

Scroll to load tweet…

അതേസമയം പാകിസ്ഥാനിലെ ആക്രമണത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് മാർക്കോ റൂബിയയോട് വിശദീകരിച്ചെന്നും വ്യക്തമാക്കി. ഭീകരർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കുമെതിരെ പാകിസ്ഥാൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തിയെന്ന് ഇന്ത്യ അറിയിച്ചതായി എംബസി പ്രസ്താവനയിൽ പറഞ്ഞു. 

ഇന്ത്യയുടെ നടപടികൾ കൃത്യതയുള്ളതുമായിരുന്നു. പാകിസ്ഥാൻ സിവിലിയൻ, സാമ്പത്തിക, സൈനിക ലക്ഷ്യങ്ങളൊന്നും ഇന്ത്യ ആക്രമിച്ചിട്ടില്ല. അറിയപ്പെടുന്ന ഭീകര ക്യാമ്പുകൾ മാത്രമാണ് ലക്ഷ്യമിട്ടത്. സ്ഥിതിഗതികൾ വേഗത്തിൽ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. അതേസമയം ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സാഹചര്യം വിലയിരുത്തി. ഇന്ന് രാവിലെ 11 മണിക്ക് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭ യോഗം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം