മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സെഡ് കാറ്റഗറി വിഭാഗത്തിലുള്ള വിഐപികൾക്ക് സുരക്ഷ ഒരുക്കുന്നത്. 2024 ഒക്ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ വൈ വിഭാഗത്തിൽനിന്ന് സെഡിലേക്ക് ഉയർത്തിയത്. രാജ്യത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവിൽ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് സിആർപിഎഫാണ് സുരക്ഷ നൽകുന്നത്. ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് വിഐപികളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
പഹൽഗാം ആക്രമണത്തിന് ശക്തമായ ഭാഷയിൽ ഇന്ത്യ തിരിച്ചടിച്ചു. പാക് ഭീകരകേന്ദ്രങ്ങളും, വ്യോമത്താവളങ്ങളും തകർത്ത് ഇന്ത്യ തിരിച്ചടിച്ചതോടെ പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം അഴിച്ച് വിട്ടിരുന്നു. അതിർത്തിയിൽ നില നിൽക്കുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചത്.


