ദില്ലി: പ്രത്യേകപദവി എടുത്തുകളയാനുള്ള പ്രമേയം പാ‍‍‍‍ർലമെന്‍റ് കടന്നതോടെ എല്ലാ ശ്രദ്ധയും ജമ്മുകശ്മീരിലേക്ക്. താഴ്‍വരയിലെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് സർക്കാരിനെ കാത്തിരിക്കുന്നത്. അതേസമയം, ഏകീകൃത സിവിൽ നിയമത്തിനായുള്ള ചർച്ചകൾ തുടങ്ങാൻ ബിജെപിക്ക് പാർലമെന്‍റിലെ വിജയം ആത്മവിശ്വാസം നല്‍കുന്നതാണ്.

370 പേരുടെ പിന്തുണയോടെയാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. പാർലമെന്‍റിലെ ഈ വലിയ ഭൂരിപക്ഷം സർക്കാരിന് ചെറുതല്ലാത്ത ആത്മവിശ്വാസം നല്‍കുന്നു. എന്നാൽ ജമ്മുകശ്മീരിലെ ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക പ്രകടമാണ്. കേന്ദ്ര നടപടിക്കെതിരെ കശ്മീരിൽ ചിലയിടങ്ങളിൽ പ്രതിഷേധം പ്രകടമായി. പാകിസ്ഥാന് പിന്നാലെ ചൈനയും ഇന്ത്യയുടെ നീക്കത്തെ എതിർത്തു. ജമ്മുകശ്മീരിനുള്ളിലും പുറത്തും ഈ തീരുമാനം ഉണ്ടാക്കാവുന്ന പ്രത്യാഘാതം നേരിടുക എന്നത് സർക്കാരിന് വെല്ലുവിളിയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് തൽക്കാലം സ്ഥിതി നിയന്ത്രിക്കുന്നത്. എന്നാല്‍, ടെലിഫോണും ഇൻറ‍ർനെറ്റും വിച്ഛേദിച്ച നീക്കം എത്രകാലം തുടരാനാവും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും കരുതൽ തടങ്കലിലാണ്. സംസ്ഥാനത്ത് കൂടുതൽ സേനയെ കേന്ദ്രം നേരത്തെ എത്തിച്ചിരുന്നു. 

അമിത് ഷാ ഈയാഴ്ച കശ്മീരിലേക്ക് പോകും. പ്രധാനമന്ത്രി ജമ്മുകശ്മീരിലെത്താനുള്ള സാധ്യതയുമുണ്ട്. ഹുറിയത്തുമായി ചർച്ചയില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ചയാകാമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. 36 ബില്ലുകളാണ് ലോക്സഭയിൽ ഈ സമ്മേളന കാലത്ത് പാസ്സായത്. രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിച്ച ആദ്യ സമ്മേളനമായിരുന്നു ഇത്. ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിലൊന്ന് വലിയ ഭൂരിപക്ഷത്തിൽ പാസ്സാക്കാനായി. ബിജെപി ശ്രമം ഇനി ഏകീകൃത സിവിൽ നിയമത്തിലാവും. ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് ഈ സൂചന പരസ്യമായി നല്‍കി. മുത്തലാഖ് ബിൽ പാസായത് ഏകീകൃത സിവിൽ നിയമത്തിലേക്കുള്ള ആദ്യപടിയായാണ് ഭരണപക്ഷത്തെ ചില നേതാക്കൾ കാണുന്നത്.