ബസിൽ നിന്ന് എന്തോ നിലത്ത് വീണത് കണ്ട് പരിശോധിക്കാനെത്തിയവരാണ് നിലത്ത് വീണത് ചോരക്കുഞ്ഞാണെന്ന് മനസിലാക്കിയത്
പർഭാനി: ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പ്രസവിച്ച് 19കാരി. ബസിന്റെ ജനലിലൂടെ വലിച്ചെറിഞ്ഞ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് സംഭവം. 19 വയസുള്ള യുവതിയാണ് ചൊവ്വാഴ്ച രാവിലെ പഭാനിയിലെ പത്താരി സേലു റോഡിൽ നിന്നാണ് ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് എന്തോ നിലത്ത് വീണത് കണ്ട് പരിശോധിക്കാനെത്തിയവരാണ് നിലത്ത് വീണത് ചോരക്കുഞ്ഞാണെന്ന് മനസിലാക്കിയത്.
19കാരിയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് എന്ന് വിശദമാക്കിയ 21കാരനും ചേർന്നാണ് ചോരക്കുഞ്ഞിനെ ബസിന്റെ ജനലിലൂടെ വലിച്ചെറിഞ്ഞത്. പ്ലാസ്റ്റിക് ബാഗിൽ ഇട്ടാണ് ചോരക്കുഞ്ഞിനെ ഇവർ വലിച്ചെറിഞ്ഞത്. ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കവർ ആരോ വലിച്ചെറിയുന്നത് കണ്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടത്. നടന്നത് എന്താണ് എന്ന് വ്യക്തമായപ്പോഴേയ്ക്കും ബസ് ഏറെ മുന്നേക്ക് പോയിരുന്നു. പിന്നാലെ നാട്ടുകാർ അറിയിച്ചതിനേ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
സന്ത് പ്രയാഗ് ട്രാവൽസ് എന്നെഴുതിയ ബസിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഇതിന് പിന്നാലെ ട്രാവൽ ഏജൻസിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പർഭാനിയിലെത്തിയ പൊലീസ് ബസ് ഡ്രൈവറേയും കണ്ടെത്തി. ബസിൽ നിന്ന് കവർ നിലത്തേക്ക് വീഴുന്നത് കണ്ട് ഡ്രൈവർ യാത്രക്കാരോട് ചോദിച്ചപ്പോൾ ഭാര്യ ഛർദ്ദിച്ചത് വലിച്ചെറിഞ്ഞതായിരുന്നുവെന്നായിരുന്നു യുവതിയും യുവാവും വിശദമാക്കിയത്. ഇതിന് ശേഷം ഇവർ യാത്ര തുടരുകയായിരുന്നു. പിന്നാലെ പൊലീസ് യുവതിയേയും യുവാവിനേയും കണ്ടെത്തുകയായിരുന്നു.
വിവാഹിതരാണ് എന്നാണ് ഇവർ പറഞ്ഞതെങ്കിലും വിവാഹം കഴിച്ചതിനുള്ള തെളിവുകൾ നൽകാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പർഭാനി സ്വദേശികളായ ഇവർ പൂനെയിൽ ഒന്നിച്ചായിരുന്നു താമസം. കുട്ടിയെ വളർത്താനാവാത്തത് കൊണ്ടാണ് വലിച്ചെറിഞ്ഞതെന്ന് ഇവർ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.


