ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിയിൽ മുസ്ലിം സ്ത്രീയുടെ മുഖാവരണം മാറ്റിയതിനെച്ചൊല്ലി ജമ്മു കശ്മീരിൽ രാഷ്ട്രീയ വാക്പോര്. നിതീഷിനെ വിമർശിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുൻപ് മെഹബൂബ മുഫ്തിയും സമാനമായ പ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചു.
ശ്രീനഗർ: ഒരു പൊതുപരിപാടിക്കിടെ മുസ്ലീം സ്ത്രീയുടെ മുഖാവരണം അഴിച്ചുമാറ്റിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജമ്മു കശ്മീരിൽ വാക്പോര്. വർഷങ്ങൾക്ക് മുമ്പ് വോട്ടറുടെ ബുർഖ അഴിച്ചുമാറ്റിയതിലൂടെ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സമാനമായ "മതേതര പ്രവൃത്തി" ചെയ്തതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് പോളിംഗ് സ്റ്റേഷനിൽ മെഹബൂബ മുഫ്തി ഒരു നിയമാനുസൃത വോട്ടറുടെ ബുർഖ അഴിച്ചത് നിങ്ങൾ മറന്നോ? ബീഹാർ മുഖ്യമന്ത്രിയുടെ പ്രവൃത്തി അതിന്റെ തുടർച്ചയാണ്. രണ്ട് സംഭവവും ഖേദകരമാണെന്ന് ഒമർ ടൂറിസം സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ, നിതീഷ് കുമാറിനെ ഒരു മതേതര നേതാവായി കണക്കാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം പതുക്കെ തന്റെ യഥാർത്ഥ നിറം പുറത്തുകൊണ്ടുവരുന്നുവെന്നും ഒമർ വ്യക്തമാക്കി. എന്നാൽ, മെഹബൂബയെക്കുറിച്ചുള്ള ഒമറിന്റെ അഭിപ്രായത്തോട് പിഡിപി പ്രതികരിച്ചു. നിതീഷ് കുമാർ ഒരു മുസ്ലീം സ്ത്രീയെ പൊതുസ്ഥലത്ത് അപമാനിക്കുന്നു, ഒമർ മെഹബൂബ മുഫ്തിയെ ആക്രമിച്ച് പ്രതികരിക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ കൂട്ടുകെട്ടെന്ന് പിഡിപി വക്താവ് മോഹിത് ഭാൻ പറഞ്ഞു.
പിഡിപിയുടെ ഇൽതിജ മുഫ്തി ഒമറിന്റെ പ്രസ്താവനകളെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചു. ഒരു മുസ്ലീം സ്ത്രീയുടെ നിഖാബ് പൊതുജനങ്ങൾക്ക് മുന്നിൽ വലിച്ചുകീറിയ ഒരാളെ പ്രതിരോധിക്കാൻ ഇറങ്ങുന്നത് എത്ര ലജ്ജാകരമാണ്. ഇന്ത്യയിലെ ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇന്ത്യൻ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാക്കണമെന്ന് പരസ്യമായി വാദിക്കുകയാണെന്നും ഇൽതിജ പറഞ്ഞു.
