Asianet News MalayalamAsianet News Malayalam

കർണാടകയിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവിയെന്ന് ആർഎസ്എസ് സർവ്വേ? കന്നഡ പ്രഭയുടെ പേരിൽ വ്യാജ റിപ്പോർട്ട് !

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലടക്കം സോഷ്യൽ മീഡിയയിൽ ഈ റിപ്പോര്‍ട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ കന്നഡപ്രഭ ഇത്തരത്തിൽ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് എഡിറ്റര്‍ രവി ഹെഗ്ഡെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

fabricated survey report attributable to Kanandaprabha is circulating on social media Fact Check  vkv
Author
First Published Mar 15, 2023, 11:50 AM IST

ബെംഗളൂരു: കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കന്നഡപ്രഭ ദിനപ്പത്രത്തിന്റെ പേരിൽ വ്യാജറിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. കര്‍ണാടകയിൽ  ഞെട്ടിക്കുന്ന തോൽവിയാണ് ബി ജെ പിയെ കാത്തിരിക്കുന്നത് എന്ന് ആര്‍ എസ് എസ് നടത്തിയ സര്‍വ്വേയിൽ പറയുന്നു എന്ന തരത്തിലാണ് കന്നഡപ്രഭയുടെ പേരിൽ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലടക്കം സോഷ്യൽ മീഡിയയിൽ ഈ റിപ്പോര്‍ട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ കന്നഡപ്രഭ ഇത്തരത്തിൽ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് എഡിറ്റര്‍ രവി ഹെഗ്ഡെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

224 അംഗ കര്‍ണാടക അസംബ്ലിയിൽ ബി ജെ പിക്ക് എഴുപതിലധികം സീറ്റുകൾ ലഭിക്കാൻ സാധ്യതയില്ല എന്ന് ആര്‍ എസ് എസ് സര്‍വ്വേയിൽ പറയുന്നു. സര്‍വ്വേയ്ക്ക് പിന്നാലെ ആര്‍ എസ് എസ് നേതാവ് വി നാഗരാജു കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് ബി ജെ പിക്ക് കര്‍ണാടകയിൽ തിരിച്ചടി നേരിടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് പാര്‍ട്ടിയിലെ പ്രധാന്യം നഷ്ടപ്പെട്ടതും ബി ജെ പിക്ക് ജനപിന്തുണ കുറയാനുള്ള കാരണങ്ങളിൽ പെടുന്നു - ഇങ്ങനെ പോകുന്നു കന്നഡ പ്രഭയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ റിപ്പോര്‍ട്ടിലെ വിവരങ്ങൾ.

കര്‍ണാടകയിലെ പ്രമുഖ ദിനപ്പത്രങ്ങളിലൊന്നായ കന്നഡപ്രഭയുടെ പേരിൽ വ്യാജ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. വ്യാജവാര്‍ത്തകള്‍ കന്നഡപ്രഭയുടെ പേരിൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കോൺഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ ഒരു സര്‍വ്വേ നടന്നതിനെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ഒരു വാര്‍ത്ത കന്നഡപ്രഭ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് ചെയര്‍മാൻ രാജേഷ് കൽറയും ട്വിറ്ററിൽ പ്രതികരിച്ചു. 

വ്യാജ റിപ്പോര്‍ട്ടിനെതിരെ നിയമനടപടികൾ സ്വീകരിക്കാനാണ് കന്നഡപ്രഭയുടെ തീരുമാനമെന്ന് രവി ഹെഗ്ഡെ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക മന്ത്രിസഭയുടെ കാലാവധി 2023 മെയ് മാസത്തിൽ അവസാനിക്കാനിരിക്കെയാണ് ഈ വ്യാജറിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. 224 അംഗ നിയമസഭയിൽ നിലവിൽ ബി ജെ പിക്ക് 119 സീറ്റുകളാണ് ഉള്ളത്. 2018ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി മുഖ്യമന്ത്രിയായി സഖ്യകക്ഷി ഭരണത്തിൽ വന്നെങ്കിലും അധികം താമസിയാതെ സര്‍ക്കാര്‍ നിലംപൊത്തി. 2021ൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബി ജെ പി സര്‍ക്കാര്‍ രൂപികരിച്ചു. 2021 ജൂലൈയിൽ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ബി ജെ പിയുടെ തന്നെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാകുകയും ചെയ്തു.

Read More : 'ഉത്തരവാദിത്വത്തോടെ പെരുമാറണം'; രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് രംഗത്ത്

Follow Us:
Download App:
  • android
  • ios