ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ നല്‍കുന്ന ലോണിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്ന രീതിയിലാണ് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണം

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍റെ പേരിലാണ് ഏറ്റവും പുതിയ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നത്. എന്താണ് ഇതിന്‍റെ വസ്‌തുത എന്ന് നോക്കാം. 

പ്രചാരണം

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ നല്‍കുന്ന ലോണിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്ന രീതിയിലാണ് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണം. 51,000 രൂപ അടച്ചാല്‍ 17 ലക്ഷം രൂപ ലോണ്‍ ലഭിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അനുമതി കത്തിലെ അവകാശവാദം. 2024 ജൂലൈ പത്താം തിയതി പുറത്തിറക്കിയത് എന്ന് കാണുന്ന ഈ കത്തില്‍ ലോണ്‍ അനുവദിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ആളുടെ പേരുവിവരങ്ങള്‍ കാണാം. '17 ലക്ഷം രൂപ ലോണിനായുള്ള നിങ്ങളുടെ അപേക്ഷയ്ക്ക് അംഗീകാരമായിരിക്കുന്നു. നാല് ശതമാനം പലിശ വരുന്ന ഈ ലോണിന് 30 ശതമാനം സബ്‌സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. ലോണ്‍ ലഭിക്കാനായി 51,000 രൂപ അടയ്ക്കൂ' എന്നും കത്തില്‍ വിശദമാക്കുന്നു.

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. 

Scroll to load tweet…

കേന്ദ്ര സര്‍ക്കാരിന്‍റെ പേരില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു വ്യാജ പ്രചാരണവുമുണ്ടായിരുന്നു. 1,675 രൂപ അപേക്ഷാ ഫീയായി അടച്ചാല്‍ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ വിവിധ പോസ്റ്റുകളില്‍ തൊഴില്‍ ലഭിക്കും എന്നായിരുന്നു 'രാഷ്‌ട്രീയവികാസ്‌യോജന' എന്ന വെബ്‌സൈറ്റ് വഴി പരസ്യം പ്രചരിച്ചത്. എന്നാല്‍ ഈ വെബ്‌സൈറ്റും അതിലെ തൊഴില്‍ പരസ്യവും വ്യാജമായിരുന്നു. രാഷ്‌ട്രീയവികാസ്‌യോജന എന്ന വെബ്‌സൈറ്റിന് കൃഷി, കർഷക ക്ഷേമ മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്ന് അറിയിച്ചതും പിഐബി ഫാക്ട് ചെക്ക് വിഭാഗമാണ്. 

Read more: മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ ജനം തടഞ്ഞോ? വീഡിയോയുടെ സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം