നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മറ്റ് വീഴ്ചകൾക്കുമെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും യുവാക്കൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഭരണകക്ഷിയായ മഹായുതി ഈ നീക്കം ശക്തമാക്കിയത്.
മുംബൈ: മഹാരാഷ്ട്രയിലെ പൈതൃക ശിവക്ഷേത്രങ്ങളെ മുൻനിർത്തി ജെൻസി യുവതലമുറയെ ലക്ഷ്യമിട്ടുള്ള പുതിയ സോഷ്യൽ മീഡിയ പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയ്ക്കും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മറ്റ് വീഴ്ചകൾക്കുമെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും യുവാക്കൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഭരണകക്ഷിയായ മഹായുതി ഈ നീക്കം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 2027 മാർച്ച് വരെ സംസ്ഥാനത്തുടനീളം 1,000 തൊഴിൽ മേളകൾ നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രാവണ മാസത്തിന്റെ പ്രാധാന്യം പ്രയോജനപ്പെടുത്തി, മഹാരാഷ്ട്രയിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങൾ ഉയർത്തിക്കാട്ടാൻ സോഷ്യൽ മീഡിയ ക്യാമ്പെയ്നുകളും തിരംഗ യാത്രയുമാണ് ദേവേന്ദ്ര ഫഡ്നാവിസ് ഉപയോഗിക്കുന്നത്. സാംസ്കാരിക അഭിമാനവും ദേശീയ രാഷ്ട്രീയവും സമർത്ഥമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ അദ്ദേഹം ചെയ്യുന്നത്. തങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ട് നിലനിൽക്കാൻ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സാംസ്കാരിക പൈതൃകവുമായി യുവതലമുറയെ ബന്ധിപ്പിക്കുന്നതിനായി ക്ഷേത്രങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചു തുടങ്ങിയത്.
പൂനെ ജില്ലയിലെ ഭീമാശങ്കർ ജ്യോതിർലിംഗത്തെക്കുറിച്ച് എഐ നിർമ്മിത ആനിമേഷൻ വീഡിയോ സ്റ്റോറിയും, നാസിക്കിലെ ത്ര്യംബകേശ്വർ ക്ഷേത്രത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പങ്കുവെച്ചു. മഹാരാഷ്ട്രയുടെ ശിവധാര ശ്രാവണ മാസത്തിൽ ആരംഭിക്കുന്നു. യുവാക്കൾ സംസ്‌കാരവുമായി ബന്ധപ്പെടുമ്പോൾ മാത്രമേ ഈ മതപരവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് ഫഡ്നാവിസ് പറഞ്ഞു. വരും ദിവസങ്ങളിൽ ഔന്ധ നാഗനാഥ്, ഗൃഷ്ണേശ്വർ തുടങ്ങിയ ശിവക്ഷേത്രങ്ങളുടെ കഥകളും പുറത്തുവിടും. ഇന്നത്തെ ജെൻസി തീവ്ര മത രാഷ്ട്രീയത്തിലേക്ക് ചായുന്നില്ലെന്നും, അതിനാൽ ബിജെപിയും ആർഎസ്എസും മൃദു സാംസ്കാരിക രാഷ്ട്രീയവും ദേശീയതാ വികാരങ്ങളുമാണ് ജെൻസിയെ ആകർഷിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നതെന്നും മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ അഭയ് ദേശ്പാണ്ഡെ വിലയിരുത്തുന്നു.


