ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കാനുള്ള കാരണം സംസ്ഥാനങ്ങളുടെ അശ്രദ്ധയാണെന്ന് കേന്ദ്രം. വിദേശത്ത് നിന്ന് എത്തിയവരെ കൃത്യമായി നിരീക്ഷിക്കാത്താണ് കൊവിഡ് 19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണമെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തിയവരും കൊവിഡ് 19 പരിശോധനക്ക് വിധേയരായവരും തമ്മിലുള്ള അന്തരം വലിയതായണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാലയളവില്‍ വിമാനത്തില്‍ വിദേശത്ത് നിന്ന് രാജ്യത്തെത്തിയ 15 ലക്ഷത്തോളം പേരെ നിരീക്ഷിക്കണമെന്ന് കത്തില്‍ പറഞ്ഞു.

ജനുവരി 18നാണ് രാജ്യത്ത് വിമാനത്താവളത്തില്‍ നിന്ന് എത്തുന്നവരെ പരിശോധനക്ക് വിധേയരാക്കി തുടങ്ങിയത്. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. വിദേശ രാജ്യ യാത്ര നടത്തിയവരോ രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ക്കോ മാത്രമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഗൗബ കത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചതായി താന്‍ മനസ്സിലാക്കുന്നുവെന്നും മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷിക്കണമെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. 

ഇന്ത്യയില്‍ ഇതുവരെ 775 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് വിവരം. 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്.