അഹമ്മദാബാദ്: വീട്ടില്‍ നിന്നും പാല്‍ വാങ്ങാൻ പോയ യുവാവിനെ പൊലീസ് യൂണിഫോം ധരിച്ച രണ്ടുപേർ വടികൊണ്ട് അടിച്ചതായി പരാതി. അഹമ്മദാബാദിലാണ് സംഭവം നടന്നത്. തന്നെ അക്രമിച്ചത് പൊലീസുകാരല്ലെന്ന് സംശയം തോന്നിയ യുവാവ് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം പാൽ വാങ്ങാൻ പോയപ്പോൾ മോട്ടോർ സൈക്കിളില്‍ എത്തിയ രണ്ടുപേർ യുവാവിനെ തടഞ്ഞുവച്ചു. അവരിൽ ഒരാൾ പൊലീസ് യൂണിഫോം ധരിച്ചിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗൺ സമയത്ത് എന്തിനാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് അവര്‍ യുവാവിനോട് ചോദിച്ചു. പാൽ വാങ്ങാനാണ് വന്നതെന്ന് മറുപടി നല്‍കിയെങ്കിലും അവര്‍ വടികൊണ്ട് അടിച്ച് ഓടിച്ചതായി യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തൊട്ടടുത്ത് മോട്ടോര്‍ സൈക്കിളില്‍ എത്തിയവരേയും ഇവര്‍ മര്‍ദ്ദിക്കുന്നത് കണ്ടതായി യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസുകാരെന്ന് പറഞ്ഞ് ആളുകളെ മർദ്ദിച്ച രണ്ടുപേരെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.