Asianet News MalayalamAsianet News Malayalam

ഇല്ല, നീരജ് ചോപ്രയെ കുറിച്ച് രാഹുല്‍ ഗാന്ധി അങ്ങനെ ട്വീറ്റ് ചെയ്‌തിട്ടില്ല

രാഹുല്‍ ഗാന്ധിയുടെ വെരിഫൈഡ് അക്കാണ്ടില്‍ നിന്ന് എന്ന് തോന്നിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായിരിക്കുന്നത്

Fake screenshot of Rahul Gandhi tweet about Tokyo Olympic Medalist Neeraj Chopra goes viral
Author
Delhi, First Published Aug 11, 2021, 3:00 PM IST

ദില്ലി: ടോക്കിയോ ഒളിംപിക്‌സ് ജാവലിനില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ചരിത്രനേട്ടത്തില്‍ നീരജിനെ അഭിനന്ദിക്കുന്ന നിരവധി പോസ്റ്റുകളാണ് പ്രമുഖരുടേത് ഉള്‍പ്പടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ചോപ്രയുടെ ചിത്രം സഹിതം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

സ്‌ക്രീന്‍ ഷോട്ട് ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ വെരിഫൈഡ് അക്കാണ്ടില്‍ നിന്ന് എന്ന് തോന്നിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായിരിക്കുന്നത്. ടോക്കിയോയില്‍ നീരജ് ചോപ്ര വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്കൊപ്പം പോഡിയത്തില്‍ നില്‍ക്കുന്നതാണ് ചിത്രം. ഒന്നാമതെത്തിയിട്ടും നീരജ് രണ്ടാമത് നില്‍ക്കുന്നത് ശരിയാണോ? ഉത്തരം തരൂ, മോദി ജി എന്ന ചോദ്യത്തോടെ രാഹുല്‍ ഈ ചിത്രം സഹിതം ട്വീറ്റ് ചെയ്‌തതായാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്.

Fake screenshot of Rahul Gandhi tweet about Tokyo Olympic Medalist Neeraj Chopra goes viralFake screenshot of Rahul Gandhi tweet about Tokyo Olympic Medalist Neeraj Chopra goes viral

ഈ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്‌തുകൊണ്ട് നിരവധി പേര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു. ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇത്തരം വിമര്‍ശന പോസ്റ്റുകള്‍ കാണാം. 

വസ്‌തുത

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് രാഹുല്‍ ഗാന്ധിയുടെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം. നീരജ് ചോപ്ര ജാവലിനില്‍ ഒളിംപിക്‌സ് മെഡല്‍ നേടിയത് ഓഗസ്റ്റ് ഏഴാം തിയതിയാണെങ്കില്‍ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത് ഓഗസ്റ്റ് അഞ്ചാം തിയതി 4.51pm എന്നാണ്. ട്വിറ്റ് ആരോ വ്യാജമായി സൃഷ്‌‌ടിച്ചതാണെന്ന് ഇതില്‍ നിന്നുതന്നെ ഉറപ്പിക്കാം.

(ഓഗസ്റ്റ് ഏഴാം തിയതി നീരജ് സ്വര്‍ണം നേടിയതിന്‍റെ വാര്‍ത്ത വിശദമായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക)

ഇതേ ഓഗസ്റ്റ് അഞ്ചാം തിയതി വൈകിട്ട് 4.51ന് രാഹുല്‍ ഗാന്ധി ഒരു ട്വീറ്റ് ചെയ്തിട്ടുണ്ട് എന്ന് അദേഹത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. എന്നാല്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ നേടിയ ഗുസ്‌തി താരം രവി ദഹിയയെ അഭിനന്ദിച്ചുകൊണ്ടാണ് ഈ ട്വീറ്റ്

ഓഗസ്റ്റ് ഏഴിന് ട്വീറ്റ് ചെയ്യാനാവില്ല രാഹുലിന്

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഓഗസ്റ്റ് ഏഴിന് ട്വിറ്റര്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി പങ്കുവെച്ച ഒരു ചിത്രം ട്വിറ്റര്‍ ഇന്ത്യ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വിലക്ക്. അതിനാല്‍ അന്നേദിവസം രാഹുലിന്, നീരജ് ചോപ്രയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യാനാവില്ല എന്നതും വ്യാജ സ്‌ക്രീന്‍ഷോട്ട് പൊളിക്കുന്നതിന് തെളിവാണ്.

Fake screenshot of Rahul Gandhi tweet about Tokyo Olympic Medalist Neeraj Chopra goes viralFake screenshot of Rahul Gandhi tweet about Tokyo Olympic Medalist Neeraj Chopra goes viral

നിഗമനം

നീരജ് ചോപ്രയുടെ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റ് എന്ന് അവകാശപ്പെട്ടുള്ള സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്. 

നീരജ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios